പൃഥ്വിരാജിന്റെ 'ഡ്രൈവിംഗ് ലൈസന്‍സ്' റീമേക്കിനായി അന്യഭാഷാ താരങ്ങളുടെ പോരാട്ടം

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ ഒരുക്കിയ ചിത്രമാണ് “ഡ്രൈവിംഗ് ലൈസന്‍സ്”. സൂപ്പര്‍താരവും ആരാധകനും തമ്മിലുള്ള സംഘര്‍ഷം പറഞ്ഞെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി അന്യഭാഷാ താരങ്ങള്‍ മത്സരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്നുള്ള താരങ്ങളാണ് റീമേക് അവകാശത്തിനായി മത്സരിക്കുന്നത്. ഉടന്‍ തന്നെ റീമേക് അവകാശം ഉടമ്പടി ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരീന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാറായി പൃഥ്വിരാജ് എത്തുമ്പോള്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് സുരാജ് വേഷമിട്ടിരിക്കുന്നത്.

മിയ ജോര്‍ജ്, ദീപ്തി സതി എന്നിവരാണ് നായികമാര്‍. സച്ചി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് അലക്സ് ജെ പുളിക്കലാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.