ഇനി വന്ദിപ്പിന്‍ മാളോരെ…; ഒരു യമണ്ടന്‍ പ്രേമകഥയിലെ ‘പുണ്യാളന്‍ ഗാനം’

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഇനി വന്ദിപ്പിന്‍ മാളോരെ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഓഡിയോ പതിപ്പാണ് റിലീസ് ചെയ്തിരിക്കുന്നത്. വിദ്യാധരന്‍ മാസ്റ്ററാണ് ഈ പുണ്യാളന്‍ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷ ഈണം പകര്‍ന്നിരിക്കുന്നു.

നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവര്‍ നായികാ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്.