ഓണ്‍ലൈന്‍ റിലീസിനു താത്പര്യമുള്ളവര്‍ മേയ് 30-നകം അറിയിക്കണം: യോഗം ചേർന്ന് ചലച്ചിത്ര സംഘടനകൾ

സിനിമകളുടെ ഓൺലൈൻ റിലീസ്  ചർച്ചചെയ്യാൻ   യോഗം ചേർന്ന്  ചലച്ചിത്രസംഘടനകൾ . ഓൺലൈൻ റിലീസിനു താത്പര്യമുള്ള നിർമാതാക്കളുടെ അഭിപ്രായങ്ങൾ ചർച്ചചെയ്ത യോഗം ഇക്കാര്യത്തിൽ എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതൽ നിർമാതാക്കളും തിയേറ്റർ റിലീസിനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നാണു സൂചന.

സിനിമാമേഖലയിലെ എല്ലാ സംഘടനകളുമായും ആലോചിക്കാതെ ഓൺലൈൻ റിലീസ് കാര്യത്തിൽ ഏകപക്ഷീയ പ്രഖ്യാപനമുണ്ടാകില്ലെന്നും യോഗം തീരുമാനിച്ചു.

തടസ്സപ്പെട്ടുകിടക്കുന്ന 66 സിനിമകളുടെ നിർമാതാക്കൾക്ക് അസോസിയേഷൻ കത്തയച്ചിരുന്നു. ഇവരിൽ ഓൺലൈൻ റിലീസിനു താത്പര്യമുള്ളവർ മേയ് 30-നകം വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള സാമ്പത്തികഇടപാടുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.