'ആദ്യ സിനിമ വന്‍ പരാജയം, അടുത്ത സിനിമയ്ക്കും ഇതേ അവസ്ഥ വരുമോ എന്ന നിര്‍മ്മാതാവിന്റെ ചോദ്യം തളര്‍ത്തി, എങ്കിലും ജയിക്കും വരെ പോരാടും'

തന്റെ ആദ്യ സിനിമ പരാജയമായപ്പെട്ടതിനാല്‍ സിനിമാ മോഹം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചുള്ള ഒരു യുവാവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. “ഓര്‍മയില്‍ ഒരു ശിശിരം” എന്ന ചിത്രത്തിന്റെ കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ വിഷ്ണു രാജ് ആണ് ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുന്ന വേളയില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.

ആദ്യ സിനിമ പരാജയമായതിനാല്‍ പിന്നീടുള്ള സിനിമകള്‍ക്കും ഈ അവസ്ഥ വരുമോയെന്ന നിര്‍മ്മാതാവിന്റെ ചോദ്യത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചും വിഷ്ണു രാജ് കുറിച്ചു.

വിഷ്ണു രാജിന്റെ പോസ്റ്റ്:

ഒരു കൊല്ലം…സ്വപ്നത്തിലേക്കുള്ള ആദ്യപടി വെച്ചിട്ട് ഒരു കൊല്ലമായി…
“ഓര്‍മയില്‍ ഒരു ശിശിരം” എന്റെ ഹൃദയത്തോടും ജീവിതത്തോടും ചേര്‍ന്ന് നില്‍ക്കുന്ന കഥ…എന്റെ കഥ…എന്റെ ആദ്യ സിനിമ.

കഥാകൃത്തായും അസിസ്റ്റന്റ് ഡയറക്ടറായും വേഷപകര്‍ച്ച നടത്തിയ ചിത്രം…മധുരമുള്ളതും കയ്പുള്ളതുമായ മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങള്‍ തന്ന ചിത്രം…നന്ദി പറഞ്ഞാലും തീരാത്ത അത്രേയും സഹായം ചെയ്ത കുറച്ചുപേര്‍, ആരുടെയൊക്കെ പേര് വിട്ടുപോയാലും ഒരിക്കലും മറക്കാന്‍ പറ്റാത്ത രീതിയില്‍ എന്നെ സഹായിച്ച ഞങ്ങളുടെ പ്രൊഡക്ഷന്‍ House… “Maqtro Pictures”…ഒരു സിനിമ പരമ്പര്യവുമില്ലാത്ത ഒരു പരിജയക്കാരുമില്ലാതെ കേറി വന്ന എന്നെയും എന്റെ കഥയെയും വിശ്വസിച്ച് പണം മുടക്കിയവര്‍..

സംവിധാനം സ്വപനമാണ് എന്നറിഞ്ഞപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി അവസരം വാങ്ങി തന്നവര്‍…ഒരുപാട് കണക്കുകൂട്ടലുകള്‍ മനസ്സില്‍ കണക്കൂകൂട്ടിയാണ് ഞങ്ങളെല്ലാവരും സിനിമ റിലീസ് ചെയ്തത്…നിര്‍ഭാഗ്യവശാല്‍ എല്ലാം തകര്‍ന്നടിഞ്ഞു, തീയേറ്ററില്‍ വലിയ പരാജയമായി ഞങ്ങളുടെ ഈ കൊച്ചു സിനിമ, അത് ഞങ്ങളെയെല്ലാവരെയും മോശമായി തന്നെ ബാധിച്ചു.

ആദ്യ സിനിമയുടെ പരാജയം നമ്മളെ മുന്നോട്ടുള്ള പ്രായണത്തെ ബാധിക്കരുത് എന്നു വിചാരിച്ച് മുന്നോട്ട് പോയി..ഒരു പ്രൊഡ്യൂസര്‍ നെ contact ചെയ്തപ്പോള്‍ ആദ്യം അദ്ദേഹത്തിന് എന്റെ സിനിമ മനസ്സിലായില്ല…പിന്നെ ഡീറ്റൈല്‍ഡ് ആയിട്ട് പറഞ്ഞപ്പോള്‍ പുള്ളിക്ക് മനസ്സിലായി എന്നിട്ട് പുള്ളി ആദ്യം പറഞ്ഞ ഡയലോഗ് ഇതായിരുന്നു…

“ആ സിനിമയുടെ അവസ്ഥ ഇനി നിന്റെ അടുത്ത സിനിമയ്ക്കും വരോ…”

പുള്ളി കോമഡി ആയിട്ട് പറഞ്ഞതാണെങ്കിലും അതെനിക്ക് കൊണ്ടു…അങ്ങനെ ഒന്നു രണ്ടു പ്രോജക്ട് ചര്‍ച്ചകളില്‍ മാത്രമായി ഒതുങ്ങി. പിന്നീട് ഇതേ കാര്യം പറഞ്ഞു വേറൊരു പ്രൊഡ്യൂസറിന്റെ അടുത്ത് പോകാന്‍ ഒരു പേടി…അതിന്റെ കൂട്ടത്തില്‍ വേറെ കുറച്ചു പേഴ്സണല്‍ ഫിനാന്‍ഷ്യല്‍ പ്രശ്‌നങ്ങള്‍ വന്നതുകൊണ്ട് വേറെ ജോലി നോക്കേണ്ടി വന്നു…സിനിമ മോഹം കാരണം ഒന്നിലും ക്ലച്ച് പിടിക്കാന്‍ പറ്റിയില്ല..അപ്പോഴാണ് സിനിമയുടെ ഡിജിറ്റല്‍ പതിപ്പ് Amazon prime-ല്‍ റിലീസ് ചെയ്തത്. അതിനു ശേഷം വളരെ നല്ല അഭിപ്രായങ്ങള്‍ ആണ് കിട്ടിയത്…അതു വീണ്ടും മുന്നോട്ട് പോകാന്‍ ഊര്‍ജം നല്‍കി…

വീണ്ടും എഴുതാന്‍ തുടങ്ങി…എന്താകും എങ്ങനെയാകും എന്നൊന്നുമറിയില്ല…എന്തായാലും ഒന്നുകൂടി ഓടിനോക്കാം…ഇപ്പൊ എല്ലാവരും പറയുന്ന പോലെ..

“ചേലോര്‍ടെ റെഡിയാവും ചേലോര്‍ടെ റെഡിയാവൂല… ന്റേത് ഇപ്പൊ റെഡിയായില്ല…ന്നാലും ഞമ്മക്ക് ഒരു കൊയ്പ്പുല്ലാ…”

അതുകൊണ്ട് സ്വപ്നത്തിന്റെ പുറകെ പോകാന്‍ തന്നെ തീരുമാനിച്ചു… ജയിക്കും വരെ പോരാടാനാണ് തീരുമാനം…വീണ്ടും നല്ല പുതുമയുള്ള സിനിമയുമായി നിങ്ങളുടെ മുന്നില്‍ എതാന്‍ പറ്റും എന്ന പ്രതീക്ഷയോടെ…

സ്‌നേഹപൂര്‍വ്വം
വിഷ്ണുരാജ്.N.R

NB:-ഈ ഒരവസരത്തില്‍ പാട്ടുകാരിയെ പറ്റി പരാമര്ശിക്കാതെയിരിക്കാന്‍ സാധിക്കില്ല…അങ്ങനെ ഒരാള് ജീവിതത്തില്‍ വന്നതുകൊണ്ടാണ് എനിക്ക് ഈ സിനിമ തന്നെ ചെയ്യാന്‍ സാധിച്ചത്…സിനിമയിലെ പോലെതന്നെ ഭാവിയില്‍ ഞാന്‍ ഒരു ഡയറക്ടര്‍ ആകുകയാണെങ്കില്‍ അതില്‍ ഒരു പാട്ട് ഞാന്‍ നിനക്കായി മാറ്റി വെക്കും…(നീ അത് സ്വീകരിക്കില്ലെന്നറിയാം എന്നാലും എന്റെ ഒരു മനസമ്മാധനത്തിന്…)
And thank you for everything…

https://www.facebook.com/vishnurajnr.pattanam/posts/3104272106339380