നെഞ്ചില്‍ അണയാത്ത തീയും അടങ്ങാത്ത ആഗ്രഹവും ഉണ്ടെങ്കില്‍ ധൈര്യമായി ഒമര്‍ ഇക്കയെ നിങ്ങള്‍ക്ക് സമീപിക്കാം; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമാ ഇന്‍ഡസ്ട്രിയുടെ കാര്യമെടുത്താല്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവസരങ്ങളിലേക്കുള്ള അവന്റെ അകലം വളരെ വലുതാണ്. കഴിവുള്ള നിരവധിയാളുകള്‍ സിനിമയിലേയ്ക്ക് പ്രവേശിക്കുവാനാകാതെ, അവരുടെ സ്വപ്നങ്ങളും പരിശ്രമങ്ങളും വിഫലമായിരിയ്ക്കുമ്പോള്‍ താരപുത്രന്മാര്‍ എളുപ്പം സിനിമയിലേയ്ക്ക് എത്തപ്പെടുന്നു.

ഈ പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇവരെ കൈപിടിച്ചുയര്‍ത്തുവാന്‍ ഇന്ന് മലയാളത്തില്‍ മുന്‍ നിരയിലുള്ള സംവിധായകരില്‍ പലരും തയ്യാറാവുന്നില്ല. ഈ പതിവു രീതിയില്‍ നിന്നും വീണ്ടും വ്യത്യസ്തനാവുകയാണ് ഒമര്‍ ലുലു. തന്റെ ചിത്രങ്ങളില്‍ വ്യത്യസ്തമായി എന്തെങ്കിലും കൊണ്ടുവരണമെന്ന ആഗ്രഹമുള്ള ഒമര്‍ലുലു ഇത്തവണ ബ്ലെസ്ലി എന്ന യുവാവിനെ കൈപിടിച്ച് കൊണ്ടുവരികയാണ്. “ധമാക്ക” എന്ന തന്റെ പുതിയ ചിത്രത്തിലേയ്ക്ക് ഒരു ഗാനമൊരുക്കുവാന്‍ ബ്ലെസ്ലിയ്ക്ക് ഒമര്‍ ലുലു അവസരം നല്‍കിയിരിക്കുകയാണ്.

ബ്ലെസ്ലി കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ബ്ലെസ്ലിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

“കൈനിറയെ പാരമ്പര്യവും തലതൊട്ടപ്പന്മാരും ഇല്ലാത്ത ഒരാള്‍ക്ക് സിനിമ എന്നത് പലപ്പോഴും ഒരു സ്വപ്നം മാത്രമാണ്. ചാന്‍സ് ചോദിച്ചും, ഓഡീഷനുപോയും ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച്, വിശന്ന് റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ ദിവസങ്ങള്‍ എനിക്ക് വിരലിലെണ്ണാവുന്നതിലും അധികമാണ്. മുന്‍പുള്ള അനുഭവങ്ങളില്‍ പതറി ഒരു പ്രതീക്ഷപോലും ഇല്ലാതെയാണ് ഈ മനുഷ്യനോടും അവസരം തേടിയത്. എല്ലാവരും പറയുംപോലെ ശരിയാക്കാമെന്ന് അദ്ദേഹവും പറഞ്ഞു. പക്ഷെ ഇന്ന്, തന്റെ സിനിമയിലെ ഒരു പാട്ട് ചെയ്യാന്‍ അദ്ദേഹം എനിക്കവസരം തന്നു.

അതെ, “ധമാക്ക” സിനിമയില്‍ ഒരു മെലഡി സോംഗ് എന്റെ ശബ്ദത്തില്‍ പുറത്തിറങ്ങും. പാടിക്കഴിഞ്ഞപ്പോള്‍ സന്തോഷത്തില്‍ എനിക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. പക്ഷെ, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നെഞ്ചില്‍ അണയാത്ത തീയും അടങ്ങാത്ത ആഗ്രഹവും ഉണ്ടെങ്കില്‍ ധൈര്യമായി ഒമര്‍ ഇക്കയെ നിങ്ങള്‍ക്ക് സമീപിക്കാം. പാട്ടിനെക്കുറിച്ചുള്ള ഡീറ്റെയില്‍സ് ഉടനേ പറയാം. ഇത് എന്നെ സപ്പോര്‍ട്ട് ചെയ്തവരുടെ കൂടിയാണ്. “tribute to കലാഭവന്‍ മണി” എന്ന പാട്ടു തൊട്ട് എന്നെ സഹായിച്ചവരോടും സ്‌നേഹിച്ചവരോടും ഒരുപാട് നന്ദി. ഒരുപാടൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും, നിങ്ങളെല്ലാം കൂടെ ഉണ്ടെങ്കില്‍ നമുക്ക് ഈ പാട്ട് നല്ല ഒരു വന്‍ വിജയമാക്കിത്തീര്‍ക്കാം.”

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സിനിമകള്‍ ചെയ്യുന്ന ഒമര്‍ ലുലു “ഒരു അഡാര്‍ ലൗ”ലൂടെ ഒട്ടേറെ യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കിയിരുന്നു. ധമാക്കയിലും അത് തുടരുമ്പോള്‍, പ്രതീക്ഷകളും വര്‍ദ്ധിക്കുകയാണ്. ചിത്രം ഉടന്‍ തന്നെ തിയെറ്ററുകളിലെത്തും.

https://www.facebook.com/photo.php?fbid=551907442290785&set=a.126703454811188&type=3&theater