'ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട്..'; ഹൃദയത്തെ കുറിച്ച് എന്‍.എസ് മാധവന്റെ ട്വീറ്റ്, ചര്‍ച്ചയാകുന്നു

‘ഹൃദയം’ ചിത്രത്തിലെ ‘ദര്‍ശന’ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ഗാനത്തെ കുറിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ പങ്കുവെച്ച ട്വീറ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമ എന്തായാലും കാണുമെന്നാണ് ഗാനത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് എന്‍.എസ് മാധവന്റെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

”ഈ ചിത്രം ഞാന്‍ എന്തായാലും കാണും. ഇതില്‍ നായികയ്ക്ക് നായകനേക്കാള്‍ പ്രായം കൂടുതലുണ്ട് എന്ന വ്യത്യാസം എന്തായാലും ഉണ്ട്” എന്നാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്. കിസ്മത്ത് സിനിമയിലും അങ്ങനെ ആയിരുന്നല്ലോ എന്നും ചിത്രം വര്‍ക്ക് ഔട്ട് ആകുമെന്ന് പ്രതീക്ഷിക്കാം എന്നൊക്കെയാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍. എന്നാല്‍ ഈ രീതിയിലുള്ള ഒരു അഭിപ്രായം തങ്ങള്‍ക്കില്ലെന്നും ചിലര്‍ പറയുന്നു.

5.2 മില്യണ്‍ വ്യൂസ് നേടിയ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്. ഗാനത്തിന് മികച്ച പ്രതികരണങ്ങളും ഒപ്പം ട്രോളുകളുമാണ് ലഭിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഹൃദയം. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക.

മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെരിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകനാകുന്ന മൂന്നാമത്തെ സിനിമയാണ് ഹൃദയം.