‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃച്ഛികം മാത്രം’; യൂദാസിന്റെ ചിത്രവുമായി എന്‍. എസ് മാധവന്‍

Advertisement

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടി ഭാമയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചിത്രം പങ്കുവെച്ച് ”ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃച്ഛികം മാത്രം” എന്ന് കുറിച്ചാണ് എന്‍. എസ്. മാധവന്റെ പ്രതികരണം. അതേസമയം, കടുത്ത സൈബര്‍ ആക്രമണമാണ് ഭാമയ്ക്കെതിരെ നടക്കുന്നത്.

കടുത്ത വിമർശനങ്ങളാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ശക്തമാകുന്നത്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്നാണ് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവും നടി ബിന്ദു പണിക്കരും നേരത്തെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും സിദ്ധിഖും കഴിഞ്ഞ ദിവസം കൂറുമാറിയതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ രംഗത്തെത്തിയിരുന്നു.

കൂടെ നില്‍ക്കേണ്ട സാഹചര്യത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ പ്രത്യേകിച്ചും ഒരു സ്ത്രീ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കൂറുമാറിയ സ്ത്രീകളും ഒരു തരത്തില്‍ ഇരയാക്കപ്പെടുകയാണെന്നും എങ്കില്‍ പോലും അത് ഏറ്റവും അധികം വേദനിപ്പിക്കുന്നു എന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്.