‘നിനക്കായ് ഞാന്‍…’; ബിബിന്‍-ഗൗരി കോമ്പോയില്‍ ‘മാര്‍ഗ്ഗംകളി’യിലെ ആദ്യ ഗാനം

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാര്‍ഗ്ഗംകളി അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍…’ എന്നു തുടങ്ങുന്ന മനോഹരമായ പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. 96 ലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഗൗരി കൃഷ്ണയും ബിബിന്‍ ജോര്‍ജ് കോമ്പോയിലാണ് ഈ പ്രണയ ഗാനം. അബീന്‍രാജിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിബിന്‍ ജോര്‍ജാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ഗ്ഗംകളി’യില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. ഈ കോമഡിപ്രണയ ചിത്രത്തില്‍ സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ശശാങ്കന്‍ മയ്യനാടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം ഗോപി സുന്ദറും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.