ഡബ്ല്യുസിസിക്ക് ബദലായി വനിതകളുടെ സിനിമാ സംഘടനയുമായി ഫെഫ്ക: നേതൃത്വം കൊടുക്കുന്നത് ഭാഗ്യലക്ഷ്മി

വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന് ബദലായി വനിതാ സംഘടനയുമായി ഫെഫ്ക. ഡബ്ല്യുസിസിയുമായി എതിര്‍ത്തുനില്‍ക്കുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയെ അധ്യക്ഷയാക്കിയാണ് ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഫെഫ്കയ്ക്ക് കീഴില്‍ വനിതാ സംഘടന രൂപീകരിച്ചിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചു. സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍ നടക്കുകയും ചെയ്തു.

ഫെഫ്ക ഭാരവാഹികളായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഏഴ് പേരുടെ കോര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്നു പേര്‍ ഫൈ്കയുടെ അപക്സ് കമ്മിറ്റിയില്‍ അംഗങ്ങളാകും. ഫെഫ്കയില്‍ അംഗത്വമുള്ള നാനൂറോളം വനിതകളെ പുതിയ സംഘടനയ്ക്ക് കീഴില്‍ അണിനിരത്തും.

പാര്‍വതി, റിമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ നേതൃനിരയിലുള്ള ഡബ്ല്യുസിസിയുടെ സിനിമാ വിമര്‍ശനങ്ങളോടും സ്ത്രീപക്ഷവാദ നിലപാടുകളോടും മുഖ്യധാര സിനിമാ പ്രവര്‍ത്തകര്‍ക്ക് യോജിപ്പില്ലായിരുന്നു. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും സിനിമാ വ്യവസായത്തിന് എതിരാണെന്ന നിലപാടാണ് ഇവര്‍ക്ക്. ഇത്തരക്കാരെ കൂട്ടിയോജിപ്പിച്ചാണ് സിനിമയില്‍ ഇപ്പോള്‍ വനിതകള്‍ക്കായി പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. 18 അംഗങ്ങളുള്ള എക്സിക്യൂട്ടീവും ഈ സംഘടനയക്കുണ്ട്. മഞ്ജു വാര്യര്‍, പാര്‍വതി, റിമ തുടങ്ങിയവര്‍ ഇതില്‍ അംഗങ്ങളാണ്. താര സംഘടനയായ അമ്മയില്‍ മതിയായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരസ്യ നിലപാടായിരുന്നു ഡബ്ല്യുസിസി സ്വീകരിച്ചിരുന്നത്.

Read more