സൗദി അറേബ്യയിലെ ജുബൈലിലും സിനിമാ തിയേറ്റര്‍ തുറക്കുന്നു

കോവിഡ് നിയന്ത്രണങ്ങളോടെ ജൂണിലാണ് സൗദി അറേബ്യയില്‍ തിയേറ്ററുകള്‍ വീണ്ടും പ്രദര്‍ശനം ആരംഭിച്ചത്. സൗദി അറബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ജുബൈലിലും പുതിയ സിനിമാ തിയേറ്ററുകള്‍ തുറക്കുകയാണ്. 416 സീറ്റുകളും അഞ്ച് സ്‌ക്രീനുകളുമുള്ള തിയേറ്റര്‍ ആണ് ജുബൈലില്‍ തുറക്കുന്നത്.

സൗദി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ ഇതിന് അനുമതി നല്‍കി. 2018 ഏപ്രിലിലാണ് സൗദി അറേബ്യയില്‍ ആദ്യ സിനിമാ തിയേറ്റര്‍ റിയാദില്‍ തുറന്നത്. രാജ്യത്തെ 15 പ്രധാന നഗരങ്ങളില്‍ അഞ്ച് വര്‍ഷത്തിനകം 40 തിയേറ്ററുകള്‍ തുറക്കാനുള്ള പദ്ധതി അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിനോദ മേഖലയിലേക്ക് 64 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്. എണ്ണ വിപണി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വിനോദ മേഖലയിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.