രണ്ടര ലക്ഷം രൂപയ്ക്ക് ഒരു സിനിമ

 

ലോ ബഡ്ജറ്റ് സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു ഫിലിം സൊസൈറ്റി വഴി, ക്രൗഡ് ഫണ്ടിങ്ങിലൂടെ 2,65,000/ രൂപയ്ക്ക് ഒരു നല്ല മലയാള സിനിമ പൂര്‍ത്തിയായിരിക്കുന്നു. സിനിമാ മോഹികളായ ഒരു പറ്റം ചെറുപ്പക്കാരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പിറവിയെടുത്തതാണ് “”അമ്മമരത്തണലില്‍”” എന്ന ഈ ചിത്രം.

1986 -ല്‍ ഒഡേസ ഫിലിം ക്ലബ് വഴി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിര്‍മ്മിച്ച ജോണ്‍ ഏബ്രഹാം ചിത്രമായിരുന്നു “”അമ്മ അറിയാന്‍””. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം അതേ പാതയില്‍ പിറവിയെടുത്ത മറ്റൊരു ചിത്രമാണ് “”അമ്മമരത്തണലില്‍ “”.മലയാറ്റൂര്‍ നീലിശ്വരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “”ചിത്രദര്‍ശിനി സിനിമാ കൂട്ടായ്മയുടെ നേത്യത്വത്തില്‍, കോയിക്കര സിനിഹൗസിന്റെ  ബാനറില്‍ ജസ്റ്റിന്‍ ചാക്കോയാണ് ക്രൗഡ് ഫണ്ടിങ്ങിനു ചുക്കാന്‍ പിടിച്ചത്. “ഒരു മലയാള ചലച്ചിത്രം” എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിന്‍ ജോര്‍ജ്ജ് ജയിംസാണ്, തിരക്കഥ ശ്രീകാന്ത്.എസ്.

വലിയ സിനിമ സ്വപ്നങ്ങള്‍ കണ്ട ചെറുപ്പക്കാര്‍ക്ക് തടസ്സമായി നിന്നത് ഭീമമായ ബഡ്ജറ്റായിരുന്നു. ഒടുവില്‍ ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം ഉദിച്ചു. അങ്ങനെ സുഹൃത്തുക്കളും പരിചയക്കാരുമായ പലരുടേയും സഹകരണത്തോടെ ചിത്രം പൂര്‍ത്തിയാക്കുകയായിരന്നു. ഫസ്റ്റ് പ്രിന്റ് ആയപ്പോള്‍ നിര്‍മ്മാണ ചിലവ് രണ്ട് ലക്ഷത്തി അറുപത്തിയ്യായിരം രൂപ (2,65,000/).

പാലക്കാടിന്റെ പശ്ചാത്തലത്തില്‍ പ്രകൃതി-മനുഷ്യന്‍ ബന്ധവും അമ്മയെ പിരിയുന്ന മകന്റെ നൊമ്പരവും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പ്രകൃതി തന്നെ ഒരു കഥാപാത്രമാകുന്ന അപൂര്‍വ്വം ചിത്രങ്ങളിലൊന്നാണിത്. മലയാളികള്‍ കാണാന്‍ ആഗ്രഹിക്കുന്ന നൊസ്റ്റാള്‍ജിയ നിറഞ്ഞ ഒരു പാട് ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. അതിമനോഹരമായ ഒരു താരാട്ടുപാടും അമ്മമരത്തണലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.

പന്ത്രണ്ട് ദിവസം കൊണ്ട് രണ്ട് ഷെഡ്യൂളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. രാവിലെ 7 നു തുടങ്ങുന്ന ഷൂട്ടിങ്ങ് പലപ്പോഴും ഒരു പാട് രാത്രി വരെ നീണ്ടു പോകാറുണ്ടായിരുന്നു. സിനിമ യോടുളള അഭിനിവേശമാണ് ഈ പ്രതിബന്ധങ്ങളെയെല്ലാം തോല്‍പ്പിച്ച്, കൂട്ടായ്മയിലൂടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇവരെ സഹായിച്ചത്. ഡയറക്ടര്‍, ക്യാമാറാമാന്‍, അഭിനേതാക്കള്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നീങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു നല്ല ചലച്ചിത്രം രൂപപ്പെടുത്തിയെടുക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. ലളിതമായ ഒരു ചടങ്ങില്‍ നടത്തിയ പ്രിവ്യൂവില്‍ വളരെ നല്ല അഭിപ്രായവും നേടുവാന്‍ ചിത്രത്തിനു സാധിച്ചു.

കഴിഞ്ഞ ദിവസം നടന്ന “”മലയാറ്റൂര്‍ രാമകൃഷണന്‍”” അനുസ്മരണ ചടങ്ങിലാണ് ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. ചിത്രദര്‍ശിനി കൂട്ടായ്മയ്ക്ക് നേത്യത്വം നല്‍കുന്ന ഡിസൈനര്‍ കൂടിയായ ലൈനോജാണ് കാര്യം അവതരിപ്പിച്ചത്.