‘നെട്രികണ്‍’ കൊറിയന്‍ ചിത്രത്തിന്റെ റീമേക്ക്

നയന്‍താര നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം നെട്രികണ്‍ കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ റീമേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷ് ശിവന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു ആണ്.

അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുന്ന സമര്‍ഥയായ പൊലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് ബ്ലൈന്‍ഡ് പറയുന്നത്.

നെട്രികണ്ണില്‍ അന്ധയായ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുക. സെപ്റ്റംബര്‍ 15ന് ചെന്നൈയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. അന്ധര്‍ക്ക് വായിക്കാനുള്ള അക്ഷരലിപിയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.

രജനീകാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ നേട്രികണ്‍ എന്ന ചിത്രത്തിന്റെ പേര് ഉപയോഗിക്കാന്‍ രജനികാന്ത് സമ്മതിച്ചെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

രജനികാന്ത് ചിത്രം ‘ദര്‍ബര്‍’, വിജയ്‌ക്കൊപ്പം ‘ബിഗില്‍’, ചിരഞ്ജീവിക്കൊപ്പം ‘സെയ് റാ നരസിംഹ റെഡ്ഢി’ എന്ന ചിത്രങ്ങളാണ് നയന്‍താരയുടേതായി ഒരുങ്ങുന്നത്. ‘ലവ് ആക്ഷന്‍ ഡ്രാമ’യാണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.