ലോകത്തിലെ ആദ്യ ട്രൈബല്‍ ഭാഷാചിത്രം; ഗോകുലം ഗോപാലന് ഗിന്നസ് റെക്കോഡ്

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന് ഗിന്നസ് റെക്കോഡ്. ലോകത്തിലാദ്യമായി ആദിവാസി ഗോത്രഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമായ നേതാജിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഗോകുലം ഗോപാലന്‍ ഗിന്നസ് റെക്കോഡിന് അര്‍ഹനായത്. ഗോകുലം ഗോപാലനൊപ്പം സംവിധായകന്‍ വിജീഷ് മണി, നിര്‍മ്മാതാവ് ജോണി കുരുവിള എന്നിവര്‍ ഗിന്നസ് പുരസ്‌കാരം പങ്കിട്ടു.

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രമുഖ ഭാഷയായ ഇരുള ഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് നേതാജി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങള്‍ മുഖ്യപ്രമേയമാക്കിയാണ് നേതാജി എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോണി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറില്‍ ജോണി കുരുവിള നിര്‍മ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.

നേതാജി സുഭാഷ് ചന്ദ്രബോസായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോകുലം ഗോപാലനാണ്. എം.ജെ. രാധാകൃഷ്ണന്‍ ചിത്രത്തിന്റെ ക്യാമറ വര്‍ക്കും യു. പ്രസന്നകുമാര്‍ തിരക്കഥയും ഹരികുമാര്‍ ശബ്ദലേഖനവും നിര്‍വഹിച്ചു.