കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ച് സിനിമാ പോസ്റ്റര്‍; വിവാദത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞ് നെറ്റ്ഫ്‌ളിക്‌സ്

“ക്യൂട്ടീസ്” എന്ന ഫ്രഞ്ച് ചിത്രത്തിന്റെ പോസ്റ്റര്‍ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് നെറ്റ്ഫ്‌ളിക്‌സ്. പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടി ഫ്രീ സ്പിരിറ്റ് ഡാന്‍സ് ക്രൂവില്‍ ചേരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇതുമായി യാതൊരു ബന്ധമില്ലാതെ പതിനൊന്ന് വയസ്സു മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗിക ചുവയോടെ അവതരിപ്പിക്കുന്നതായിരുന്നു നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ പോസ്റ്റര്‍.

സിനിമ കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുകയും ശിശു ലൈംഗിക പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനമാണ് പോസ്റ്ററിനെതിരെ ഉയരുന്നത്. ചിത്രം പിന്‍വലിക്കണമെന്നാണ് ആയിരക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ കാമ്പയിനില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്. ഇതോടെയാണ് നെറ്റ്ഫ്‌ളിക്‌സ് മാപ്പ് പറഞ്ഞെത്തിയിരിക്കുന്നത്.

പോസ്റ്റര്‍ അനുചിതമായെന്നും സിനിമയുമായി ബന്ധമില്ലാത്ത രീതിയിലാണ് പോസ്റ്റര്‍ ചെയ്തതെന്നും സമ്മതിച്ച നെറ്റ്ഫ്‌ളിക്‌സ് പുതിയ ചിത്രങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും അറിയിച്ചു. എന്നാല്‍ സിനിമ പിന്‍വലിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കിയിട്ടില്ല.

സുഡാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ വര്‍ഷം പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു. മിഗ്‌നോണ്‍സ് എന്നാണ് സിനിമയുടെ യഥാര്‍ത്ഥ പേര്. സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്.