വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ 'നെഞ്ചം'; മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു

ശ്രീനിവാസന്റെ മകന്‍ എന്നതിലുപരി സ്വന്തം കഴിവുകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. ഗാനരചയിതാവ്, ഗായകന്‍, അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കൈവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയ കഥയാണ് വിനീതിന് പറയാനുള്ളത്. വിനീത് എന്ന ഗായകന്റെ പാട്ടുകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികളുടെ ഇടയിലേക്ക് അദ്ദേഹത്തിന്റെ ഒരു മ്യൂസിക് വീഡിയോ എത്തിയിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്‍ ആലപിച്ച നെഞ്ചം എന്ന മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വിണ്‍ നിലവിതാ…. എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയത്. മനോഹരമായ പ്രണയ ദൃശ്യങ്ങളോടെയാണ് ഗാനത്തിന്റെ അവതരണം. പുറത്തിറങ്ങി രണ്ടു ദിനം പിന്നിടുമ്പോള്‍ മ്യൂസിക് വീഡിയോയ്ക്ക് ഒരു ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടം നേടിയിട്ടുണ്ട് ഈ മ്യൂസ്‌ക് വീഡിയോ.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ശബരീഷ് ഉത്രാടമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രിബു ജോണ്‍ നിര്‍മ്മിച്ചിരിക്കുന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സനത് ശിവരാജാണ്. എഡിറ്റിംഗും സനത് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ അജിത്ത് വിഷ്ണു.