നീരജ് മാധവിന്റെ ‘ഗൗതമിന്റെ രഥം’; ചിത്രീകരണം ആരംഭിച്ചു

നീരജ് മാധവ് നായകനാകുന്ന ഗൗതമിന്റെ രഥത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ആനന്ദ് മേനോന്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പുണ്യ എലിസബത്ത് ആണ് നായിക.

ചിത്രത്തില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി നാനോ കാര്‍ ഒരു പ്രധാന കഥാപാത്രമാകും എന്നതാണ് സിനിമയുടെ പ്രത്യേകത. ജയറം നായകനായെത്തിയ ‘ദി കാര്‍’എന്ന ചിത്രത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതാണ് ഗൗതമിന്റെ രഥവും. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സലാ മേനോന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നിവയ്ക്കു ക്യാമറ ചലിപ്പിച്ച വിഷ്ണു ശര്‍മ്മയാണ് ഗൗതമിന്റെ രഥത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം.