'അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ധൈര്യം തന്ന ആ ഫോണ്‍വിളിയും എല്ലാം മിന്നിമറയുന്നു.. മറക്കാനാവില്ല'; അനുശോചിച്ച് മലയാള സിനിമാലോകം

അതുല്യ കലാകാരന്‍ നെടുമുടി വേണുവിന് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍ തുടങ്ങി നിരവധിപേരാണ് അനുശോചന കുറിപ്പ് പങ്കുവച്ചത്. ”ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വേര്‍പാട്, വേണുവേട്ടാ പ്രണാമം” എന്നാണ് ദിലീപ് കുറിച്ചിരിക്കുന്നത്.

”അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെ കുറിച്ച് ഞാന്‍ എന്തെഴുതാനാണ്.. വല്ലാത്തൊരു ശൂന്യത.. ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേള്‍പ്പിച്ച പാട്ടുകളും, ആദ്യസിനിമ സംവിധാനം ചെയ്യുമ്പോള്‍ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ധൈര്യം തന്ന ആ ഫോണ്‍ വിളിയും.. എല്ലാം മിന്നിമറയുന്നു.. പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്.. മറക്കില്ല, മറക്കാനാവില്ല” എന്നാണ് വിനീത് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

”വേണു അങ്കിള്‍. അങ്ങയുടെ സിനിമകളും കലയോടുള്ള ആഴത്തിലുള്ള അവബോധവും വരുംതലമുറയ്‌ക്കൊരു പഠനോപാധിയായിരിക്കും. ഇതിഹാസത്തിനു വിട” എന്നാണ് പൃഥ്വിരാജ് പങ്കുവെയ്ക്കുന്നത്. നെടുമുടി വേണുവിനെ ആദ്യമായി കണ്ടപ്പോഴുള്ള ചിത്രം പങ്കുവെച്ചാണ് മുരളി ഗോപിയുടെ കുറിപ്പ്. ”ആദ്യം കാണുമ്പോള്‍ ഇങ്ങനെ…എന്നും ഓര്‍മ്മയില്‍, ഇങ്ങനെ..” എന്ന് താരം കുറിച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു നെടുമുടി വേണു. മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ചൊവ്വാഴ്ച സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും.