'നയന്‍താരയുടെ പഴയ ജീവിതത്തിലെ ഏടുകള്‍ കുത്തിപ്പൊക്കി, ഇത്രയും വിദ്വേഷം വാരി എറിയുമ്പോള്‍ കിട്ടുന്ന സമാധാനം നിങ്ങളുടെ മനസ്സിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും; വൈറല്‍ കുറിപ്പ്

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശന കമന്റുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇതിനൊക്കെ മറുപടികളുമായി ആരാധകരും രംഗത്ത് വന്നുകഴിഞ്ഞു. അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഞ്ജലി മാധവി ഗോപിനാഥ് എന്ന ഒരു ആരാധിക കുറിച്ചിരിക്കുന്ന വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പ്

നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം. എത്രയോ കാലത്തെ ഒരുക്കങ്ങള്‍ക്ക് ശേഷം ഏറ്റവുമധികം സന്തോഷത്തോടെയുള്ള ഒരു ദിവസമായിരുന്നിരിക്കും ഇത്.
മഹാബലിപുരത്തെ ക്ഷേത്രത്തില്‍ വെച്ചു നടക്കുന്ന വിവാഹത്തിലും തുടര്‍ന്നുള്ള പരിപാടികളിലും വളരെ കുറച്ചു അതിഥികള്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത് . ആഗ്രഹിച്ച പോലെ ഒരുമിച്ച് നല്ലൊരു ജീവിതം നയന്‍താരക്കും വിഘ്നേഷിനും ലഭിക്കട്ടെ. ജീവിതത്തില്‍ ഇനിയുമിനിയും വിജയങ്ങള്‍ ഉണ്ടാവട്ടേ.

ഇന്ന് രാവിലെ 8.45 ന് വിവാഹം എന്നറിഞ്ഞപ്പോള്‍ മുതല്‍, സത്യസന്ധമായി പറഞ്ഞാല്‍ ഓരോ പതിനഞ്ചു മിനിറ്റിലും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, യൂട്യൂബ് എല്ലായിടത്തും റിഫ്രഷ് ചെയ്തു നോക്കിയിരിക്കുകയായിരുന്നു. ഒരുപാടു ഇഷ്ടമുള്ള നായിക വിവാഹ ദിവസം എങ്ങനെയായിരുന്നിരിക്കും എന്നുള്ള ആകാംക്ഷ കൊണ്ടു മാത്രം.
സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയാണ് നയന്‍താര. അവര്‍ കയറി വന്ന വഴികള്‍ ഏതൊരു നയന്‍താര ആരാധകരേയും അതിശയിപ്പിക്കുന്നതാണ്. വളരെ സാധാരണ രീതിയില്‍ മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി, അവിടുത്തെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച് ഒരു കാലത്ത് സിനിമ ഫീല്‍ഡില്‍ നിന്ന് പോലും കാര്യമായ കഥാപാത്രങ്ങളെ കിട്ടാതെ ഒഴിവാക്കപ്പെട്ട നടി.
വ്യക്തി ജീവിതത്തെ വലിച്ചു കീറി ഒരു മനുഷ്യനേയും കൊണ്ടെത്തിക്കാന്‍ പാടില്ലാത്ത അവസ്ഥയില്‍ തഴയപ്പെട്ട, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട, വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ അവഗണനകള്‍ മാത്രം നിറഞ്ഞ ഒരു കാലം. അപമാനങ്ങള്‍, പരിഹാസങ്ങള്‍. ആരും കാണാതെ, അറിയാതെ കുറച്ചു കാലങ്ങള്‍.

തിരശീലയില്‍ എവിടെയോ മറഞ്ഞ നയന്‍താര എന്ന നായിക ഏറെ നാളത്തെ മറ നീക്കി 2013 ല്‍ അറ്റ്‌ലീയുടെ രാജാറാണി എന്ന സിനിമയില്‍ ആര്യയുടെ നായികയായി തമിഴ് സിനിമാ ലോകത്തേക്ക് ഒരു തിരിച്ചു വരവ് നടത്തുന്നു. അതുവരെയുള്ള അവരുടെ ജീവിതത്തേക്കുറിച്ച് ആര്‍ക്കുമറിയില്ല. കടന്ന് പോയ സാഹചര്യങ്ങള്‍, മാനസിക ബുദ്ധിമുട്ടുകള്‍ ഒന്നും.
അതിശയപ്പെടുത്തുന്ന വിജയമായിരുന്നു രാജാറാണിയുടേത്. നയന്‍താര എന്ന പേര് ശക്തമായി തമിഴ്‌നാട്ടിലേക്കും അവിടുന്ന് മലയാളത്തിലേക്കും തിരിച്ചു വന്നു. ആ സിനിമയോടെ നസ്രിയയും നയന്‍താരയും തമിഴ്‌നാട്ടില്‍ ശക്തമായി നിലകൊണ്ടു ആളുകളുടെ ആരാധനാപാത്രങ്ങളായി മാറി.

സിനിമയിലേക്ക് ഇതിപ്പെടാന്‍ ആഗ്രഹിച്ചു നടന്ന വിഘ്നേഷ് ശിവന്‍ എന്ന ചെറുപ്പക്കാരന്‍ 2013’ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഒരുപാടു ഭേദഗതികളോടെ
തന്റെ സ്‌ക്രിപ്റ്റുമായി ഏറ്റവുമവസാനം എത്തിച്ചേര്‍ന്നത് ധനുഷിന്റെ Wunderbar Films’ല്‍. പലരേയും കാസ്റ്റ് ചെയ്‌തെങ്കിലും 2015’ല്‍ വിജയ് സേതുപതിയേയും നയന്‍താരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ പുറത്ത് വന്നു. ‘നാനും റൗഡി താന്‍’.

സിനിമ ഹിറ്റ് ആയി. നയന്‍താരയുടെ തിരിച്ചു വരവില്‍ അതുവരെയില്ലാതിരുന്ന ഒരു പദവിയിലേക്ക് അവര്‍ പതിയേ നടന്നു കയറി. തന്റെ കരിയറിന്റെ പുതിയ തുടക്കത്തിനു കാരണക്കാരനായ വിഘ്നേഷിനെ നയന്‍താര ജീവിതത്തിലേക്ക് കൂട്ടുകാരനായി കൂടെക്കൂട്ടി. തുടരെ തുടരെ വിജയങ്ങള്‍. നായകന്മാര്‍ക്കൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകളില്‍ സജീവമായി. പൊതുവേ നായക നടന്മാരെ മാത്രം മാസ്സ്, പവര്‍ഫുള്‍ സിനിമകളില്‍ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ടു നയന്‍താര നായകന്മാരില്ലാതെ ഒറ്റയ്ക്ക് വന്ന് അതിശയങ്ങള്‍ കാഴ്ച്ച വെച്ച നായികയായി.
സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഇല്ലാതിരുന്ന ഒരു ശീലം കൊണ്ട് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ആദ്യമായി എത്തുന്ന നായിക എന്ന് തന്നെ പറയാം. കാലം കരുതി വെച്ച അനുഭവങ്ങള്‍ ഏറ്റു വാങ്ങി പരാജയങ്ങളെ ചവിട്ടു പടിയാക്കി ഇന്നവര്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ‘ ലേഡി സൂപ്പര്‍ സ്റ്റാര്‍ ‘ എന്ന പദവിയിലെത്തിച്ചേര്‍ന്നു. അവഗണിച്ചവര്‍ക്ക് മുന്നില്‍ കയ്യെത്തിപ്പിടിക്കാവുന്നതിലുമുയരത്തില്‍ നിലയുറപ്പിച്ചു. ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി. നായകന്മാര്‍ക്കൊപ്പം അതിനും മുകളില്‍ ഫാന്‍ ബേസ് ഉള്ള, നായിക. The lady super star Nayanthara.
കടന്ന് വന്ന വഴികള്‍ എളുപ്പമുള്ളതായിരുന്നില്ല. കാലത്തിനൊപ്പം നയന്‍താര മാറി. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവരെടുത്ത തീരുമാനങ്ങളുടെ, തിരഞ്ഞെടുത്ത ആളുകളുടെ പേരില്‍ അവഹേളിക്കപ്പെട്ട നയന്‍ ആളുകളില്‍ നിന്നും അകലം പാലിച്ചു. പരസ്യങ്ങളില്‍ അധികമായി കാണാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘ എന്നെക്കാണാന്‍ ആഗ്രഹമുള്ള എന്റെ പ്രേക്ഷകര്‍ തിയേറ്ററില്‍ വന്ന് എന്നെ കണ്ടാല്‍ മതിയെന്ന് ‘ പറയാനുള്ള ധൈര്യം നയന്‍താരക്കുണ്ടായത് താനെന്താണെന്നും തന്റെ ആരാധകര്‍ എത്രയാണെന്നുമുള്ള വ്യക്തമായ ധാരണയില്‍ നിന്നുമാവും.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നയന്‍താര സൗത്ത് ഇന്ത്യന്‍ സിനിമയിലുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ നായികയായി പിന്നെ തഴയപ്പെട്ട് സഹോദരിയായോ അമ്മയായോ അമ്മായിയായോ ഉള്ള റോളുകളില്‍ അല്ലാ പതിനഞ്ചു കൊല്ലവും നായികാ പദവിയില്‍ തന്നെ. ബാക്കി റോളുകള്‍ മോശമെന്നല്ല. നായികയായി അത്രയും വര്‍ഷം നിലനില്‍ക്കുകയെന്നത് സൗത്ത് ഇന്ത്യയില്‍ ഒട്ടും നിസാരമല്ല. ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയുടെ ഒരു ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു നയന്‍താര. ബോളിവുഡില്‍ ഷാരുഖ്ഖാന്റെ ഒപ്പം പുതിയ സിനിമയില്‍ എത്തി നില്‍ക്കുന്ന നയന്‍താര നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമാണ്.

Read more

ഇന്നത്തെ ദിവസം നയന്‍താരയുടെ പഴയ ജീവിതത്തിന്റെ അവര്‍ക്കുപോലും ആവശ്യമില്ലാത്ത ഏടുകള്‍ കുത്തിപ്പൊക്കിയെടുത്തു, വിവാഹ വാര്‍ത്തകളുടെ താഴെ അസഭ്യ കമെന്റുകള്‍ നിറച്ചു, അടുത്ത കല്യാണത്തിന്റെ തിയതി ചോദിക്കുന്ന മലയാളികളുടെ കമെന്റുകള്‍ ധാരാളമുണ്ട്. അങ്ങനെയുള്ള കമെന്റുകള്‍ ഇടുന്ന ആളുകളോട്, പ്രത്യേകിച്ച് മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നത്. നമുക്കൊപ്പമുള്ളവരെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാനുള്ള മനസിന്റെ വിശാലതയൊക്കെ എന്നാണോ ഉണ്ടാവുന്നത്. ഇത്രയും വിദ്വേഷം വാരി എറിയുമ്പോള്‍ കിട്ടുന്ന സമാധാനം നിങ്ങളുടെ മനസിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും.!