വിവാഹദിനത്തില്‍ 18000 കുട്ടികള്‍ക്ക് ഭക്ഷണം, ഒരു ലക്ഷത്തിലേറെ പേർക്ക് അന്നദാനം; മാതൃകയായി നയൻതാര-വിഘ്നേഷ് വിവാഹം

വിവാഹ ദിനത്തിൽ 18000 കുട്ടികൾക്ക് ഭക്ഷണം നൽകി വിഷ്‌നേഷ് ശിവനും നയൻതാരയും. വിവാഹ ദിനമായ ഇന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള കുട്ടികൾക്കാണ് ഇരുവരും ഉച്ചഭക്ഷണം നൽകിയത്. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയൻതാരയും വിഘ്‌നേഷും ഇത്രയും ആളുകൾക്കായി ഉച്ച ഭക്ഷണം നൽകാൻ തീരുമാനിച്ചത്. വിവാഹ ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകൾക്കേ ക്ഷണമുള്ളൂവെങ്കിലും ലക്ഷക്കണക്കിന് ആളുകൾക്കാണ് താരദമ്പതികൾ വിവാഹസദ്യ ഒരുക്കിയിരിക്കുന്നത്

തമിഴ്‌നാട്ടിലുടനീളം 18,000 കുട്ടികൾക്കും ഉച്ചഭക്ഷണം നൽകും. താരങ്ങളുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് ഹെെന്ദവ ആചാര പ്രകാരമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വിവാഹ വേദിയിൽ മാധ്യമങ്ങൾക്ക് പ്രവേശമില്ല. വിവാഹ ചിത്രങ്ങൾ പകർത്താൻ അതിഥികൾക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങൾ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്‌നേഷ് നേരത്തെ അറിയിച്ചിരുന്നു. തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിലെ അതിഥികളായി എത്തിയിരുന്നു.

Read more

ബോളിവുഡ് താരം ഷാരൂഖ് ഖാൻ, രജനികാന്ത്, കമൽ ഹാസൻ, വിജയ്, അജിത്ത് സൂര്യ, കാർത്തി, ശിവകാർത്തികേയൻ,വിജയ് സേതുപതി,സാമന്ത തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.  ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വിവാഹച്ചടങ്ങുകളുടെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിനാണ് നൽകിയിരിക്കുന്നത്.