‘ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്’; നൗഷാദിന്റെ മുഖസാദൃശ്യം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പ്രളയദുരിതത്തില്‍ കേരളത്തിന് കൈത്താങ്ങായ നന്മയുടെ കരങ്ങളിലൊന്ന് നൗഷാദിന്റേതാണ്. തന്റെ കടയിലുള്ള വസ്ത്രങ്ങളെല്ലാം ദുരിതബാധിതര്‍ക്കായി സ്വമേധയാ സമര്‍പ്പിച്ച നൗഷാദിനെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍  കൊഴുക്കുകയാണ്. ഇപ്പോഴിതാ നൗഷാദിന്റെ മുഖത്ത് ഏറെ പ്രിയപ്പെട്ട മറ്റൊരു മുഖം കൂടി മലയാളികള്‍ കണ്ടെത്തി. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെ താരരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ നൗഷാദും മകളും ലൈവില്‍ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു. എന്നാല്‍ ഇതൊന്നും തങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകള്‍ ഫര്‍സാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ, ”ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്”.- എന്നു പറയുന്നുണ്ട്.

ഫര്‍സാനയും നൗഷാദും ചേര്‍ന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്. ലൈവില്‍’എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് പറയുന്നു.