പടക്കളത്തില്‍ സിംഹമായി 'നരസിംഹ റെഡ്ഡി'; ആവേശം കൊള്ളിച്ച് സെയ് റായുടെ ടൈറ്റില്‍ സോങ്

ഉയ്യാലവാഡ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി വേഷമിടുന്ന സെയ് റായുടെ ടൈറ്റില്‍ ഗാനം റിലീസ് ചെയ്തു. 5 മിനിറ്റും 30 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഗാനം നരസിംഹ റെഡ്ഡി എന്ന ശക്തനായ കഥാപാത്രത്തെ വളരെ ഭംഗിയായി ആവിഷ്‌കരിച്ചിട്ടുണ്ട്. അമിത് ത്രിവേദി കമ്പോസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാനാണ്. സ്വാനന്ദാണ് വരികളെഴുതിയിരിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളി ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക്കാണ് ചിത്രം. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

250 കോടി ബഡ്റ്റിലാണ് സെയ് റാ ഒരുങ്ങുന്നത്. ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് തീയേറ്ററുകളിലെത്തും.