വിജയ് സേതുപതിക്ക് പകരം നാഗ ചൈതന്യ? ആമിര്‍ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി താരം

തെലുങ്ക് താരം നാഗചൈതന്യ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആമിര്‍ ഖാന്‍ ചിത്രം “ലാല്‍ സിംഗ് ഛദ്ദ”യില്‍ വിജയ് സേതുപതിക്ക് പകരം നാഗ ചൈതന്യ വേഷമിടും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിന്റെ ബാക്കിയുള്ള ഷൂട്ടിംഗ് മെയില്‍ ആരംഭിക്കുമെന്നും പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൊണ്ട് ലാല്‍ സിംഗ് ഛദ്ദയില്‍ നിന്നും വിജയ് സേതുപതി പിന്മാറിയിരുന്നു. കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. 1994ല്‍ പുറത്തിങ്ങിയ ഹോളിവുഡ് ചിത്രം “ഫോറസ്റ്റ് ഗംപി”ന്റെ ഹിന്ദി പതിപ്പാണ് ലാല്‍ സിംഗ് ചദ്ദ.

താരേ സമീന്‍ പര്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ തുടങ്ങിയ ആമിര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ലാല്‍ സിംഗ് ചദ്ദ ഒരുക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. അതേസമയം, താങ്ക്യു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നാഗ ചൈതന്യ ഇപ്പോള്‍.

Read more

ലവ് സ്‌റ്റോറി എന്ന ചിത്രമാണ് നാഗ ചൈതന്യയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 16ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. മജിലി, ഓ ബേബി, വെങ്കി മാമ എന്നിവ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍.