‘ഭീഷ്മപര്‍വ’ത്തില്‍ നദിയ മൊയ്തുവും; മമ്മൂട്ടിക്കൊപ്പം സ്‌ക്രീനിലെത്തുന്നത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം

Advertisement

അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഭീഷ്മപര്‍വം’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. കൊച്ചിയിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. ഫെബ്രുവരി 22ന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഭീഷ്മപര്‍വത്തില്‍ നടി നദിയ മൊയ്തുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നീണ്ട പത്തു വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും നദിയയും വീണ്ടും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അമല്‍ നീരദും ദേവ്ജിത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി. ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു. ലോക്ക്ഡൗണിന് ശേഷം തുടങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം.

ജനുവരിയില്‍ വണ്‍ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന് ഒരു ദിവസം മമ്മൂട്ടി ജോയിന്‍ ചെയ്തിരുന്നു. മുടിയും താടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി ഭീഷ്മപര്‍വത്തില്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്നത്.