വിശാലിനോട് മാപ്പ് പറയില്ല പക്ഷേ എനിക്കവനെ മിസ് ചെയ്യുന്നു: മിഷ്കിൻ

തുപ്പറിവാളൻ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നടൻ വിശാലിനോട് മാപ്പ് പറയാൻ തയ്യാറല്ലെന്ന് സംവിധായകൻ മിഷ്കിൻ. എന്നാൽ വിശാലിന്റെ അസാന്നിധ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

മാപ്പ് പറയാൻ ഞാൻ തയ്യാറല്ല, വിശാലും അങ്ങനെ തന്നെ ആയിരിക്കും. എന്നാൽ എനിക്കവനെ വല്ലാതെ മിസ് ചെയ്യുന്നു. ഞാൻ വിശാലിനെ വല്ലാതെ സ്നേഹിക്കുന്നു. ഞങ്ങൾക്കിടയിലെ വഴക്ക് അങ്ങനെ തന്നെ നിൽക്കുന്നു. വിശാൽ മുൻകോപിയും എടുത്തുചാട്ടക്കാരനുമാണ്. ഉദാഹരണത്തിന് വിശ്വസ്തരായവർ ഉയരമുള്ള കെട്ടിടത്തിൽ നിന്ന് അവനോട് ചാടാൻ പറയുകയാണെങ്കിൽ അവൻ സംശയിച്ചു നിൽക്കില്ല. എവിടെ നിന്നാണ് ചാടേണ്ടത് എന്ന് മാത്രം ചോദിക്കും- മിഷ്കിൻ പറഞ്ഞു.

‘തുപ്പറിവാളൻ 2’ വിന്റെ നിർമാതാവ് കൂടിയാണ് വിശാൽ. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് മിഷ്കിൻ പുറത്ത് പോയത്. സിനിമ പൂർത്തിയാക്കാനുള്ള പണം നിർമാതാവിന്റെ പക്കൽ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്കിൻ പറഞ്ഞത്. ഇത് വാസ്തവമല്ലെന്ന് വ്യക്തമാക്കി വിശാലും രം​ഗത്ത് വന്നു.