'അച്ഛന്‍ ഒരുക്കിയ പോലൊരു ഗാനമാണ് എന്റെ സ്വപ്‌നം'; അനശ്വര സംഗീത പ്രതിഭ ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് സിനിമാ രംഗത്തേക്ക്

മലയാളികളുടെ ഹൃദയരാഗമായി മാറിയ “അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം” എന്ന ഗാനം ഒരുക്കിയ അനശ്വര സംഗീതജ്ഞന്‍ ജോബ് മാസ്റ്ററുടെ മകനും സംഗീത സംവിധായകനുമായ അജയ് ജോസഫ് സിനിമാ സംഗീത രംഗത്തേക്ക്. നവാഗതനായ പ്രദീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന “കല്‍ക്കണ്ടം” എന്ന ചിത്രത്തിനായാണ് അജയ് ജോസഫ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെയും റെക്കോര്‍ഡിംഗ് കഴിഞ്ഞു.

പ്രശസ്തനായ സംഗീത സംവിധായകന്റെ മകനായിട്ടും സിനിമയിലേക്ക് പ്രവേശിക്കാന്‍ കഴിയാതിരുന്നത് ആ മേഖലയിലേക്ക് ഇതുവരെ വഴി തുറന്നു കിട്ടാതിരുന്നതു കൊണ്ടാണെന്ന് അജയ് ജോസഫ് പറയുന്നു. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ആദ്യമായി സിനിമയില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ അവസരം നല്‍കിയത്. അതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് അജയ് ജോസഫ് പറഞ്ഞു.

നൂറ് കണക്കിന് സംഗീത ആല്‍ബങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച എനിക്ക് ആദ്യമായി സിനിമയില്‍ സംഗീതം ഒരുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. സിനിമയ്ക്ക് വേണ്ടി മനോഹരങ്ങളായ രണ്ട് ഗാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ അച്ഛന്‍ ഒരുക്കിയ “അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം” അത്തരമൊരു ഗാനമാണ് എന്റെ സ്വപ്‌നമെന്നും അജയ് പറഞ്ഞു.

രാജാമണി, രമേഷ് പിഷാരടി, നോബി, ഉല്ലാസ് പന്തളം, ടോഷ് ക്രിസ്റ്റി, സുന്ദര്‍ പാണ്ഡ്യന്‍, ഗൗരവ് മേനോന്‍, മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, മിനോണ്‍, അശോക് കുമാര്‍, സൈമണ്‍ പാവറട്ടി, സുരഭി ലക്ഷ്മി, സ്‌നേഹാ ശ്രീകുമാര്‍, അക്ഷര കിഷോര്‍ തുടങ്ങിയവരാണ് കല്‍ക്കണ്ടത്തിലെ അഭിനേതാക്കള്‍. മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നജീം അര്‍ഷാദ്, ഗായകന്‍ അഭിജിത്ത് കൊല്ലം എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ബാനര്‍-ഫുള്‍മാര്‍ക്ക് സിനിമ, കഥ-ആന്‍സണ്‍ ആന്റണി, ഷാനു സമദ്, തിരക്കഥ, സംഭാഷണം-ഷാനു സമദ്, ഛായാഗ്രഹണം-കനകരാജ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഷംസുദ്ദീന്‍ കുട്ടോത്ത്, സംഗീതം-അജയ് ജോസഫ്, കലാസംവിധാനം-ഷെബീറലി, വസ്ത്രാലങ്കാരം-രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര, എഡിറ്റിംഗ്-വി ടി ശ്രീജിത്ത്, സംഘട്ടനം-അഷ്‌റഫ് ഗുരുക്കള്‍, മേക്കപ്പ്-മണികണ്ഠന്‍ മരത്താക്കര എന്നിവര്‍ നിര്‍വ്വഹിക്കുന്നു.