'പെട്രോളിന് വില കൂടിയതിനേക്കാള്‍ ഇവിടെ വെളിച്ചെണ്ണയ്ക്ക്‌ വില കൂടിയിട്ടുണ്ട്..'; ഇന്ധന വിലവര്‍ദ്ധനവിനെതിരെ മുരളി ഗോപി, വിമര്‍ശനം

പെട്രോള്‍ വര്‍ധനവിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ബൈക്ക് തലതിരിച്ചിട്ട് നൂല്‍ നൂല്‍ക്കുന്ന മോദിയുടെ കാര്‍ട്ടൂണ്‍ ആണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഭിത്തിയിലെ ഫോട്ടോയില്‍ ഗാന്ധിജി അന്ധാളിച്ച് നോക്കുന്നതും കാര്‍ട്ടൂണിലുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

മുരളി ഗോപിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ”നിനക്കൊക്കെ അഭിനയിച്ചു നടന്നാല്‍ പോരെ രാഷ്ട്രീയം പറഞ്ഞു ആളെ വെറുപ്പിക്കണോ?..” എന്ന് ചിലര്‍ ചോദിക്കുന്നു. ”നീ ഈ കളിയാക്കി പോസ്റ്റ് ഇട്ടത് ഇന്ത്യന്‍ പ്രധാന മന്ത്രിയെ ആണ്…. പെട്രോളിന് വില കൂടിയതിനേക്കാള്‍ ഇവിടെ വെളിച്ചെണ്ണക്കു വില കൂടിയിട്ടുണ്ട്..” എന്നും ചിലര്‍ പറയുന്നു.

”മുരളി ഗോപിയും പൃഥ്വിരാജും എഫ്ബിയില്‍ സംഘികളെ ചൊറിഞ്ഞു സുഡാപ്പികളെയും കമ്മികളെയും സുഖിപ്പിക്കുമെങ്കിലും സിനിമയിലൂടെ അവറ്റകളെ നൈസായി ഊക്കി വിടും. അതിപ്പോള്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആണെങ്കിലും കുരുതി ആണെങ്കിലും വാരിയംകുന്നന്‍ ആണെങ്കിലും എല്ലാം അങ്ങനെ തന്നെ. നിങ്ങള്‍ക്ക് ഇതില്‍ നിന്ന് എന്ത് മനസുഖമാണ് ലഭിക്കുന്നത്. ആനി രാജ മൊഴിഞ്ഞതു പ്രകാരം കേരള പോലീസിലേതു പോലെ മലയാള സിനിമയിലും സംഘി ഗ്യാംഗ് ഉണ്ടോ” എന്നാണ് മറ്റൊരു കമന്റ്.

അതേസമയം, രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നിട്ട് രണ്ട് മാസത്തിലേറെയായി. ഇതിന് പിന്നാലെ പാചകവാതക വിലയും അടിക്കടിയായി വര്‍ധിക്കുന്നുണ്ട്. ഇതിനെതിരെ സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പ്രതിഷേധവുമായി വന്നിരുന്നു.