'എന്റെ തിരക്കഥയില്‍ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്'; സംവിധായകനെ പരിചയപ്പെടുത്തി മുരളി ഗോപി

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധാകനൊപ്പമുള്ള ഫോട്ടോയാണ് മുരളി ഗോപി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

“”നവാഗത സംവിധായകന്‍ ഷിബു ബഷീറിനൊപ്പം. എന്റെ തിരക്കഥയില്‍ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്”” എന്നാണ് മുരളി ഗോപി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. “”മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്‌സ് മേടിക്കുന്നതും. എന്നാല്‍ പിന്നീട് അത് നടന്നില്ല.””

“”ഇപ്പോള്‍ എല്ലാം ഒത്തുവന്നിരിക്കുന്നു. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. സിനിമയ്ക്ക് ചിത്രീകരണം അടുത്തവര്‍ഷം തുടങ്ങാനാണ് പദ്ധതി”” എന്നാണ് വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞത്. അതേയസമയം, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം ആണ് മുരളി ഗോപിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.