മുന്തിരി മൊഞ്ചനിലെ പുതിയ പാട്ട് പുറത്തിറങ്ങി; ഹരിശങ്കറും ചിത്രയും ചേർന്ന് പാടിയ മെലഡി ഹൃദ്യമെന്നു സോഷ്യൽ മീഡിയ

 

നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ. ഒരു തവള പറഞ്ഞ കഥ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയിലെ ‘പതിയെ ഇതൾ വിടരും’ എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തു വന്നു. ഹരിശങ്കറും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്. സംവിധായകൻ തന്നെ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പുതുമയും ഈ ഗാനത്തിനുണ്ട്. മുരളി ഗുരുവായൂർ ആണ് വരികൾ എഴുതിയത്.

സംഗീതത്തിന് ഏറെ പ്രാധാന്യം ഉള്ള സിനിമയാണ് മുന്തിരി മൊഞ്ചൻ. ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ ശ്രേയ ജയദീപ്, സുധാമയി നമ്പ്യാർ എന്നിവരാണ് ഗായകർ. ചിത്രത്തിലെ മുന്നേ പുറത്തിറങ്ങിയ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കർ മഹാദേവൻ പാടിയ ഓർക്കുന്നു ഞാൻ എന്ന ഗാനത്തിന്റെ വരികൾ എഴുതിയത് റഫീഖ് അഹമ്മദ് ആണ്.

പുതുമുഖങ്ങൾ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ ആകുന്നത്. . മനേഷ് കൃഷ്ണൻ ഗോപിക അനിൽ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ ആകുന്നത്. സലിം കുമാർ തവള ആകുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. സിനിമയിൽ തവളയുടെ പ്രതീകാത്മക റോൾ നിർണായകമാണ്. ഇന്നസെന്റ്, ഇർഷാദ്, കൈരാവി തക്കർ, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ, ദേവൻ, സലീമ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

വിശ്വാസ് മൂവീസിന്റെ ബാനറിൽ പി.കെ അശോകന്‍ ആണ് മുന്തിരി മൊഞ്ചൻ നിർമിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മനു ഗോപാലും മൊഹറലി പൊയിലുങ്ങൽ ഇസ്മായിലും ചേർന്നാണ്. ഒക്ടോബർ 25 നു ചിത്രം തീയറ്ററുകളിൽ എത്തും