സേതുരാമയ്യര്‍ക്ക് ഒപ്പം കേസ് തെളിയിക്കാന്‍ മുകേഷും സായ് കുമാറും; ‘സിബിഐ 5’ ചിത്രീകരണം ഉടന്‍

മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലൊന്നായ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം കോവിഡ് നിരോധനങ്ങളെല്ലാം മാറുന്നതോടെ ഷൂട്ടിംഗ് ആരംഭിക്കും. സംവിധായകന്‍ കെ മധു-തിരക്കഥാക്കൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതിനകം സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും എന്ന വിവരമാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ വ്യക്തമാക്കുന്നത്. സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.

ചിത്രത്തിന് സംഗീതമൊരുക്കുക ജേക്‌സ് ബിജോയ് ആണെന്നും എസ്.എന്‍ സ്വാമി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. സിബിഐ ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ ഇവയുടെയൊക്കെ സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

ശ്യാമിന് ഇപ്പോള്‍ ഒരു സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ അഞ്ചാം ഭാഗത്തിനായി ജേക്‌സിനെ പരിഗണിക്കാന്‍ ഇടയാക്കിയതെന്നും എസ്.എന്‍ സ്വാമി പറഞ്ഞു. ജേക്‌സ് അദ്ദേഹം കൊച്ചിയിലെത്തി കഴിഞ്ഞാല്‍ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞ ശേഷമേ അന്തിമ തീരുമാനം ആകൂ എന്നും സ്വാമി വ്യക്തമാക്കിയിട്ടുണ്ട്.