നടന്‍ മമ്മൂട്ടിയ്ക്കായി മൃത്യുഞ്ജയ ഹോമം

നടന്‍ മമ്മൂട്ടിയുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി മൃത്യുഞ്ജയ ഹോമം . മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലാണ് മമ്മൂട്ടിയുടെ നക്ഷത്രമായ വിശാഖം നാളില്‍ പ്രത്യേക പൂജ നടത്തിയത്. രണ്ട് മണിക്കൂര്‍ നേരം ഹോമം നടന്നു. മമ്മൂട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ പി.എയും നടന്‍ ദേവനും കൂടാതെ നിരവധി ഭക്തരും ഹോമം ബുക്ക് ചെയ്തിരുന്നു

.മുഖ്യ തന്ത്രി ബ്രഹ്‌മശ്രീ കല്‍പ്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിള്‍ ഏഴോളം തന്ത്രിമാരും പൂജയില്‍ പങ്കെടുത്തു. ഹോമത്തിന് ശേഷം ദേവന്‍, തന്ത്രിയില്‍ നിന്നും നെയ്യും കരിപ്രസാദവും വാങ്ങി. മഹാശിവക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ചടങ്ങാണ് ഈ മഹാമൃത്യുഞ്ജയ ഹോമം. ലോകം മുഴുവന്‍ മഹാമാരി പടരുന്ന സാഹചര്യത്തില്‍ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് ജനുവരി 16 ന് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.തനിക്ക് ചെറിയ പനി മാത്രമേയുള്ളു എന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു.