ജയസൂര്യ ചിത്രം മാത്രമല്ല, ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നത് കീര്‍ത്തി സുരേഷിന്റെതും വിദ്യാ ബാലന്റെതും അടക്കം ഏഴ് സിനിമകള്‍

കൊറോണ വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടതിനാല്‍ മലയാള സിനിമകള്‍ അടക്കം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നത് ഏഴ് ഇന്ത്യന്‍ സിനിമകളാണ്. ജയസൂര്യ ചിത്രം “സൂഫിയും സുജാതയു”മാണ് മലയാളത്തില്‍ നിന്നും ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്.

അമിതാഭ് ബച്ചന്റെ “ഗുലാബോ സിതാബോ”, വിദ്യാ ബാലന്‍ നായികയാവുന്ന “ശകുന്തളാ ദേവി” എന്നിവയാണ് ഒടിടി റിലീസിനെത്തുന്ന ബോളിവുഡ് ചിത്രങ്ങള്‍. തമിഴില്‍ ജ്യോതിക ചിത്രം “പൊന്‍മകള്‍ വന്താല്‍”, കീര്‍ത്തി സുരേഷ് ചിത്രം “പെന്‍ഗ്വിന്‍”, “ലോ”, “ഫ്രഞ്ച് ബിരിയാണി” എന്നിവയാണ് അടുത്ത മൂന്ന് മാസങ്ങളിലായി ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നത്.

ജെ.ജെ. ഫ്രെഡ്രിക് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “പൊന്‍മകള്‍ വന്താല്‍”. മെയ് 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജ്യോതികയ്‌ക്കൊപ്പം പാര്‍ഥിപന്‍, ഭാഗ്യരാജ്, പ്രതാപ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സൂര്യയുടെ 2ഡി എന്റര്‍ടെയിമെന്റ്‌സും രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെ തമിഴ്‌നാട് തിയേറ്റര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

കീര്‍ത്തി സുരേഷ് നായികയാവുന്ന “പെന്‍ഗ്വിന്‍” ജൂണ്‍ 19നാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ഇഷാവര്‍ കാര്‍ത്തിക് ആണ് എഴുതി സംവിധാനം ചെയ്യുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസും കാര്‍ത്തിക് സുബ്ബരാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അവിനാഷ് ബലേക്കാല എഴുതി പന്നഗ ഭരാന സംവിധാനം ചെയ്യുന്ന കന്നട ചിത്രം ഫ്രഞ്ച് ബിരിയാണി ജൂലൈ 24ന് റിലീസിനെത്തും. ധനിഷ് സെയ്ത്ത്, സാല്‍ യുസുഫ്, പിതോബാഷ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പുനീത് രാജ്കുമാര്‍, അശ്വിനി, ഗുരുദത്ത് എ തല്‍വാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാഗിണി ചന്ദ്രന്‍, സിരി പ്രഹ്ലാദ്, മുഖ്യമന്ത്രി ചന്ദ്രു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കന്നട ചിത്രം “ലോ” ജൂണ്‍ 26നാണ് റിലീസ് ചെയ്യുന്നത്. രഘു സമര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രം അശ്വിനിയും പുനീത് രാജ്കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

വിദ്യാ ബാലന്‍ മുഖ്യവേഷത്തിലെത്തുന്ന “ശകുന്തള ദേവി” ആമസോണ്‍ പ്രൈമില്‍ ഉടന്‍ റിലീസിനെത്തും. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ശകുന്തള ദേവിയായാണ് വിദ്യ എത്തുന്നത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Amitabh and Ayushmann starrer Gulabo Sitabo to premiere on Amazon ...

ആയുഷ്മാന്‍ ഖുറാനയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രം “ഗുലാബോ സിത്താബോ”യും ഓണ്‍ലൈന്‍ റിലീസ് ചെയ്യും. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

മലയാള സിനിമയും ആദ്യമായി ഒടിടി റിലീസിനെത്തുകയാണ്. ജയസൂര്യ ചിത്രം “സൂഫിയും സുജാതയും” ഉടന്‍ ആമസോണ്‍ പ്രൈമിലെത്തും. നരണിപ്പുഴ ഷാനവാസ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം അദിതി റാവു ഹൈദരി ആണ് നായിക.

Akshay on wearing saree in the film

Read more

അക്ഷയ് കുമാര്‍ നായകനാകുന്ന “ലക്ഷ്മി ബോംബ്” എന്ന ചിത്രവും ഒടിടി റിലീസിന് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം രാഘവയുടെ “കാഞ്ചന” എന്ന ചിത്രത്തിന്റെ റീമേക്കാണ്.