മൂത്തോൻ തിയേറ്ററുകളിലേക്ക്; ട്രെയിലർ നിവിൻ പോളിയുടെ പിറന്നാളിനെത്തും

ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ചു രാജ്യാന്തര ശ്രദ്ധ നേടിയ നേടിയ മലയാള സിനിമയാണ് മൂത്തോൻ ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും ചെയ്ത മൂത്തോനിൽ നിവിൻ പോളിയാണ് നായകൻ. ഈ സിനിമയുടെ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം അധികം വൈകാതെ തിയേറ്ററുകളിൽ എത്തും. ഇതിനു മുന്നോടിയായി ഒക്ടോബർ 11 – നു ചിത്രത്തിൻറെ ട്രെയിലർ പുറത്തു വിടും. നിവിൻ പോളിയുടെ പിറന്നാൾ ദിനം കൂടിയാണ് ഒക്ടോബർ 11

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ഭായ് എന്ന് വിളിപ്പേരുള്ള അക്ബര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്. ഷഷാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരും സിനിമയിലുണ്ട്.ഈ സിനിമയിലെ പ്രകടനം കണ്ടാണ് റോഷന്‍ മാത്യുവിനെ അനുരാഗ് കശ്യപ് തന്റെ പുതിയ ബോളിവുഡ് ചിത്രത്തില്‍ നായകനാക്കിയത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചിത്രത്തിൻറെ നിർമാണ പങ്കാളി ആണ്. ഗീതു മോഹൻദാസിന്റെ ഭർത്താവ് കൂടിയായ രാജീവ് രവിയുടേതാണ് ഛായാഗ്രഹണം.

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രം കൂടിയാണ് മൂത്തോൻ. ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒക്ടോബർ അവസാനമാണ് മുംബൈ ചലച്ചിത്രോത്സവം നടക്കുക.