മൂക്കുത്തി അമ്മൻ ദീപാവലിക്ക് ; ചിത്രം ഒ.ടി.ടി റിലീസിന്

നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മൻ ഒടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ സംവിധായകനായ ആർ.ജെ ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂക്കുത്തി അമ്മന്‍ എന്ന ദേവി കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാലാജിയും ശരവണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂത്തുക്കി അമ്മന്‍ പറയുന്നത്. മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇശാരി ഗണേഷാണ് നിര്‍മാണം. ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു.

സൂര്യ ചിത്രം സൂരരൈ പോട്രു ആണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമ. ജ്യോതിക ചിത്രം പൊന്‍മകള്‍വന്താലും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. ബോളിവുഡ്, തെലുങ്ക്, മലയാളം സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ട്.