'തന്ന വരികള്‍ക്ക് നന്ദി... തണലിന് നന്ദി... തുലാവര്‍ഷപ്പച്ചകള്‍ക്ക് നന്ദി'; സുഗതകുമാരിയുടെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാലോകം

മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ച് സിനിമാലോകവും. നവ്യ നായര്‍, മഞ്ജു വാര്യര്‍, ആസിഫ് അലി, ഗിന്നസ് പക്രു, സംവിധായകന്‍ വിനയന്‍, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങി നിരവധി പേരാണ് കവയിത്രിക്ക് അനുശോചനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

“”ടീച്ചറെ ഇനി ഈ സ്‌നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല.. താങ്ങാന്‍ ആവുന്നില്ല സങ്കടം.. വാക്കുകള്‍ എത്രമേല്‍ ചെറുതാകുന്നു.. എന്നെ ഇത്ര മനസിലാക്കിയ എന്റെ അമ്മ.. നഷ്ടം എന്നെന്നേക്കും..”” എന്നാണ് നവ്യ നായര്‍ കവയിത്രിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്.

“”തന്ന വരികള്‍ക്ക് നന്ദി… തണലിന് നന്ദി… തുലാവര്‍ഷപ്പച്ചകള്‍ക്ക് നന്ദി.. സ്‌നേഹവാത്സല്യത്തിന് നന്ദി… പ്രിയ സുഗതകുമാരി ടീച്ചര്‍ക്ക് പ്രണാമം!”” എന്നാണ് മഞ്ജു വാര്യരുടെ കുറിപ്പ്. “”പ്രകൃതിയുടെ കവയിത്രി സുഗതകുമാരി ടീച്ചറും പോയ്മറഞ്ഞു..മലയാളത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍”” എന്നാണ് വിനയന്റെ വാക്കുകള്‍.

കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുഗതകുമാരിയുടെ മരണം. 86 വയസായിരുന്നു. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹിക ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു സുഗതകുമാരി.

സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ എറ്റവും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തി. സാഹിത്യത്തിനും സാമൂഹിക സേവനത്തിനുമായി നിരവധി അംഗീകാരങ്ങള്‍ നേടി. 2006- ല്‍ പത്മശ്രീയും 2009- ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013- ല്‍ സരസ്വതി സമ്മാനും മറ്റ് നിരവധി പുരസ്‌കാരങ്ങളും സുഗതകുമാരി നേടി.