സാന്ത്വനം; ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ച് നല്‍കും

കോഴിക്കോട് കുണ്ടായിത്തോടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ലിനു(34) വിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ച് നല്‍കും. മേജര്‍ രവിയാണ് ലിനുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചത്. കൂടാതെ അടിയന്തര സഹായമായി ലിനുവിന്റെ അമ്മയ്ക്ക് ഒരു ലക്ഷം രൂപയും മേജര്‍ രവി കൈമാറി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ അദ്ദേഹം ആരംഭിച്ച ജീവകാരുണ്യ സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്. കടം വീട്ടി പുതിയ വീട് വെയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ലിനുവിന്റെ കുടുംബം. ലിനുവിന്റെ മരണാനനന്തര ചടങ്ങുകള്‍ നടത്താനായി മാതാപിതാക്കളും സഹോദരങ്ങളും നിലവില്‍ കുണ്ടായിത്തോടിലെ ബന്ധുവീട്ടിലാണ്.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാമ്പില്‍ നിന്നും ലിനു പോയത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ് യുവാക്കള്‍ രണ്ടു സംഘമായി രണ്ട് തോണികളില്‍ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളില്‍ അന്വേഷിച്ചു. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.