നോട്ടുനിരോധന കാലത്തെ മോദി അനുകൂല പ്രസ്താവന വിനയായി; വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കേണ്ടി വന്ന മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ

പരസ്യമായി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ആളാണെന്നാണ് പൊതുവെയുള്ള സംസാരം. എന്തൊക്കെയായാലും ഇന്നലെ മോഹന്‍ലാലും വോട്ട് ചെയ്യാനെത്തിയിരുന്നു. ഇന്നലത്തേത് മോഹന്‍ലാലിന്‍റെ കന്നി വോട്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. അതും തന്റെ 58-ാം വയസില്‍. തിരുവനന്തപുരം മണ്ഡലത്തിലെ പൂജപ്പുര മുടവന്‍മുകള്‍ ഗവ. എല്‍.പി സ്‌കൂളിലാണ് മോഹന്‍ലാല്‍ ആദ്യമായി തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.

മോഹന്‍ലാലിനെ പൊലീസ് ഉദ്യോഗസ്ഥര്‍ നേരെ ബൂത്തിലേക്കാണ് കൊണ്ടു വന്നതെങ്കിലും വോട്ടര്‍മാരില്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശങ്ങളെ തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വോട്ട് രേഖപ്പെടുത്തി വേഗം മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും വോട്ടുയന്ത്രം തകരാറിലായത് കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇതോടെ ഒരു മണിക്കൂറോളം ക്യൂവില്‍ നിന്നാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്. ഇപ്പോളിതാ ഇതിനെ ചുറ്റിപ്പറ്റി മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ തലപൊക്കിയിരിക്കുകയാണ്.

നോട്ടുനിരോധന സമയത്ത് സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുകയും നോട്ട് മാറാന്‍ ക്യൂ നിക്കുന്നതില്‍ കുഴപ്പമില്ല എന്ന രീതിയില്‍ മോഹന്‍ലാല്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. “നോട്ടു പിന്‍വലിക്കല്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപം. എന്നാല്‍, മദ്യശാലകള്‍ക്കും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല.” എന്നാണ് അന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് വോട്ട് ചെയ്യാന്‍ ക്യൂ നിന്ന് മോഹന്‍ലാലിനെതിരെ ട്രോളുകള്‍ ഉയരുന്നത്.