ഷെയ്ന്‍ ചിത്രത്തില്‍ പാടാനൊരുങ്ങി മോഹന്‍ലാല്‍

നടന്‍ ഷെയ്ന്‍ നിഗത്തെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ബര്‍മുഡ. ഷെയിന്‍ നിഗമിന് ഒപ്പം വിനയ് ഫോര്‍ട്ടും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആലപിക്കുന്ന ഗാനവുമുണ്ടാകുമെന്നാണ് പുതിയ വാര്‍ത്ത.

ഈ മാസം അവസാനം മോഹന്‍ലാല്‍ ഈ ചിത്രത്തിന് വേണ്ടി ഒരു ഗാനമാലപിക്കും എന്നാണ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ജീത്തു ജോസഫ് ഒരുക്കുന്ന 12 ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു കുളമാവില്‍ ആണ് മോഹന്‍ലാല്‍.

ഈ മാസം അവസാനം കൊച്ചിയില്‍ എത്തി അദ്ദേഹം ബര്‍മുഡയിലെ ഗാനമാലപിക്കും എന്നാണ് സൂചന. വിനായക് ശശികുമാര്‍ വരികള്‍ എഴുതുന്ന ഈ ഗാനത്തിന് ഈണം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ രമേശ് നാരായണന്‍ ആണ്.

Read more

ബെന്നി ദയാല്‍, ഹരിചരന്‍, മധുശ്രീ എന്നിവര്‍ പാടിയ രണ്ടു ഗാനങ്ങളും കൂടി ഈ ചിത്രത്തില്‍ ഉണ്ടാകും. 1985 ഇല്‍ കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പാടിയ മോഹന്‍ലാല്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പിന്നണി പാടിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. സിനിമയ്ക്കു പുറത്തു ഒട്ടേറെ ഭക്തി ഗാനങ്ങളും മോഹന്‍ലാല്‍ ആലപിച്ചിട്ടുണ്ട്.