മോഹന്‍ലാല്‍ ഇനി ആഷിഖ് അബുവിനും ടിനു പാപ്പച്ചനുമൊപ്പം; പ്രിയദര്‍ശന്‍ ചിത്രം ഉപേക്ഷിച്ചു?

പുതുതലമുറ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങി മോഹന്‍ലാല്‍. താരം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് ശേഷം സംവിധായകരായ ആഷിഖ് അബുവുമായും ടിനു പാപ്പച്ചനുമായും കൈകോര്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുതലമുറ സംവിധായകര്‍ക്ക് പ്രധാന്യം നല്‍കാനാണ് താരം തീരുമാനിച്ചിരിക്കുന്നത് എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ രണ്ടു സിനിമകളും നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആയിരിക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ബോക്‌സിംഗ് പശ്ചാത്തലത്തില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാല്‍ ഇതിന് വേണ്ടി ബോക്‌സിംഗ് പരിശീലിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് ആണ് മോഹന്‍ലാലിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നതെങ്കിലും ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് ക്യാപെയ്‌നുകളും നടക്കുന്നുണ്ട്.