'പ്രിയപ്പെട്ട സഞ്ജു ബാബയ്ക്ക്'; പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍, സിനിമ പ്രതീക്ഷിക്കാമോയെന്ന് ആരാധകര്‍

ബോളിവുഡ് താരം സഞ്ജയ് ദത്തിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും തുടരുക… പ്രിയപ്പെട്ട സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ സഞ്ജയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

സഞ്ജയ് ദത്തിന്റെ ഫ്‌ളാറ്റില്‍ താരത്തോടൊപ്പം മോഹന്‍ലാല്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത താരം സഞ്ജയ്യുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചിലവിട്ടിരുന്നു.

മോഹന്‍ലാല്‍ ഹിന്ദി ഗാനം ആലപിക്കുന്ന വീഡിയോ താരത്തിനൊപ്പം കേള്‍ക്കുന്ന സഞ്ജയ്യുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ ക്യാന്‍സര്‍ ബാധിതനാണ് എന്ന കാര്യം സഞ്ജയ് വ്യക്തമാക്കിയത്. മുംബൈ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സഞ്ജയ് താന്‍ ക്യാന്‍സര്‍ രോഗ വിമുക്തനായ കാര്യവും പങ്കുവെച്ചിരുന്നു.

അതേസമയം, സഞ്ജയ്‌യുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കെജിഎഫ് 2വിലെ താരത്തിന്റെ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. “നിങ്ങള്‍ എല്ലാവരും റിലീസ് തീയതിക്കായി കാത്തിരിക്കുകയാണെന്ന് അറിയാം. കുറച്ച് കൂടി കാത്തിരിക്കു. കാരണം ആ കാത്തിരിപ്പ് നല്ലതിനായിരിക്കുമെന്നാണ്” സഞ്ജയ് ദത്ത് പോസ്റ്റര്‍ പങ്കുവെച്ച് പറഞ്ഞത്.