മരക്കാര്‍ മീശ പിരിക്കുമോ? മോഹന്‍ലാലിനോട് കുട്ടി ആരാധകന്‍, മറുപടി പറഞ്ഞ് താരം

മരക്കാര്‍ അറബിക്കടിന്റെ സിംഹം ഡിസംബര്‍ 2ന് ആഗോള റിലീസ് ആയി എത്തുകയാണ്. ഷോകളുടെ എണ്ണത്തിലും ബുക്കിംഗിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചു കഴിഞ്ഞു. ഇതിനോടകം എണ്ണൂറിലധികം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്ത ഈ ചിത്രം ഗള്‍ഫിലും അമേരിക്കയിലും വരെ അഡ്വാന്‍സ് ബുക്കിംഗില്‍ നമ്പര്‍ വണ്‍ ആയിക്കഴിഞ്ഞു.

മനോരമയുടെ ഭാഗമായി നടത്തിയ പ്രമോഷണല്‍ ഇവന്റില്‍ കുട്ടി ആരാധകന്‍ മോഹന്‍ലാലിനോട് ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ രസകരമായ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍. കുഞ്ഞാലി മരക്കാര്‍ മീശ പിരിക്കുമോ എന്നായിരുന്നു കുട്ടി ആരാധകന് പ്രിയ താരത്തോട് ചോദിക്കുന്നത്.

ഉണ്ടാകും മോനെ ഒന്ന് അടങ്ങു എന്നാണ് അതിന് മോഹന്‍ലാല്‍ മറുപടി കൊടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രം കേരളത്തില്‍ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.