റഷ്യയിലെ കൊടുംമഞ്ഞില്‍ സാന്‍ഡ് ബാഗ് ചുമന്ന് മോഹന്‍ലാല്‍; വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിത്രത്തെ അത്ര ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത് റഷ്യയിലായിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗ് വേളയില്‍ സാന്‍ഡ് ബാഗ് ചുമന്ന് മഞ്ഞിലുടെ നീങ്ങുന്ന മോഹന്‍ലാലിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

‘മൈനസ് പതിനാറ് ഡിഗ്രി ആയിരുന്നു റഷ്യയിലെ താപനില. ഓരോ സാന്‍ഡ് ബാഗിനും ഇരുപത് കിലോഗ്രാമിന് മുകളില്‍ ഭാരമുണ്ട്. അദ്ദേഹത്തിന് വിശ്രമിക്കാന്‍ ടെന്‍റ് ഒരുക്കിയിരുന്നു. പക്ഷേ ഷൂട്ടിങ്ങിന് സഹായിച്ച് ഞങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.’ വീഡിയോ പങ്കുവെച്ച് ഏട്ടന്‍, ഇതിഹാസം എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം പൃഥ്വിരാജ് കുറിച്ചു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 100 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച ചിത്രം 13 ദിവസം കൂടി കഴിഞ്ഞ് 21ാം ദിവസം എത്തിയപ്പോള്‍ 150 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 100 ലധികം തിയേറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ കളക്ഷന്‍ 200 കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷ.