സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക്; ആരാധകരെ ആവേശത്തിലാഴ്ത്തി ഭദ്രന്റെ വാക്ക്

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെയ്ക്കുന്ന, മുണ്ടൂരി തല്ലുന്ന ആടുതോമയുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വിലസുന്നുണ്ട്. ആടുതോമയെ ഇന്നും അനുകരിക്കുന്നവരും ഏറെ. സ്ഫടികത്തിന് മുമ്പും ശേഷവും അതു പോലൊരു റൗഡി പിറന്നിട്ടില്ലെന്ന് വേണം പറയാന്‍. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള ബിജു കെ കാട്ടാക്കലിന്റെ ഒരുക്കം ഏറെ വിമര്‍ശനം നേരിട്ടിരിക്കുകയാണ്. ഈ ചിത്രത്തിനെതിരെ ഭദ്രന്‍ ഉള്‍പ്പെടെ പലരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ചുടു പിടിക്കുമ്പോള്‍ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍.

ചിത്രത്തിന്റെ 25-ാം വാര്‍ഷികത്തില്‍ സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് ഭദ്രന്‍ അറിയിച്ചിരിക്കുന്നത്. 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കൂടാതെ സ്ഫടികത്തിന് രണ്ടാം ഭാഗമില്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 30 ന് ചിത്രത്തിന്റെ 24-ാം വാര്‍ഷികമായിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…

സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍ . അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ, അടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും…. ” ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.” ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/bhadranthefilmmaker/posts/2161834417225946?__xts__[0]=68.ARCOLNiiCTEcU8d2odvXH4gBJzYsUHp-MM-re7zsTjVzP2G-AabSEf5zuhkxuzPbBQxLQgojFq6DYtgfKq1YBTGvdFy_2rdh8RuFLOavr7Bz2B2-bNI5ih12rhm9KEP1kgNbkmwlKlFldlL5xQFDLpr0-GttOSZmZwE2sWzZwDRludOjdlGJCYrVE_olhaoNGsfhtfx2L51yafccoYVx7OEn5fjx0CvlFEvunersTvIW6sllyw67P24FQk_uce5YOoSm0nPvwLFQ_1iR6ZAU-pVEGj1UiVOcdEmx-WndEJ9OKHzzXE98eJ-PXpFYIW1s87WqbafIHrjtWoUYId9HuA&__tn__=-R