'ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം'

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളെ കുറിച്ച് ചോദിച്ചാല്‍ സിനിമാ പ്രേമികളുടെ ലിസ്റ്റിലുള്ള രണ്ട് പേരുകള്‍ മോഹന്‍ലാലും പ്രിയദര്‍ശനും എന്നാവും. ചിത്രം, കിലുക്കം, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങി മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങള്‍ നീളുന്നു. സിനിമയ്ക്കും പുറത്തൂു തുടങ്ങിയ അവരുടെ സൗഹൃദം ഇന്നും ശോഭ ചോരാതെ തുടരുന്നു. ഇപ്പോള്‍ പ്രിയദര്‍ശനുമൊത്തുള്ള സൗഹൃദത്തിന്റെ ഓര്‍മ പുതുക്കി മോഹന്‍ലാല്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

“ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്… സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തില്‍ നിന്നാണ്…ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ…ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ…ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം….” പ്രിയനുമൊത്തുള്ള പഴയൊരു ചിത്രം പങ്കുവെച്ച മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടികെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകകള്‍ പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.