'മുഖരാഗം'- മോഹന്‍ലാലിന്റെ ജീവചരിത്രം ഒരുങ്ങുന്നു

പിറന്നാള്‍ ദിനത്തില്‍ തന്റെ ജീവചരിത്രം ഒരുങ്ങുന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. “മുഖരാഗം” എന്ന് പേരിട്ടിരിക്കുന്ന മോഹന്‍ലാലിന്റെ ജീവചരിത്രം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് തയ്യാറാക്കുന്നത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന തന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകമാണിതെന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

“മുഖരാഗം” എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്. 2020ല്‍ പൂര്‍ത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.” മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

അഭിനയജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ “ബാലേട്ടന്‍” സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഭാനുപ്രകാശ് മോഹന്‍ലാലിനോട് ആദ്യമായി ഈ പുസ്തകം എഴുതുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. അന്ന് അത് വേണ്ടെന്ന് പറഞ്ഞ മോഹന്‍ലാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരവസരത്തില്‍ ആ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു.