മോഹന്‍ലാല്‍ വീണ്ടും ബിഗ് ബ്രദറിലേക്ക്

മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിങ് ഇന്ന് പുനരാരംഭിക്കും. ചേര്‍ത്തലയില്‍ നടക്കുന്ന ഷൂട്ടിങ് മോഹന്‍ലാല്‍ ചൈനയില്‍ പോയതിനാല്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ചൈനയില്‍ നിന്നും ഹൈദരാബാദിലെത്തിയ താരം പ്രിദര്‍ശന്‍ ചിത്രമായ “മരക്കാര്‍ അറബിക്കടലിന്റെ സിംഹ”ത്തിന്റെ ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വീണ്ടും ബിഗ് ബ്രദറിലെത്തുന്നത്.

ഒക്ടോബര്‍ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിങ് ബംഗ്ലൂരുവിലേക്ക് ഷിഫ്റ്റ് ചെയ്യും. “ലേഡീസ് ആന്റ് ജന്റില്‍മാന്‍” എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്. എസ് ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

തെന്നിന്ത്യന്‍ താരം റജീന കസാന്‍ഡ്രയാണ് നായികയായി എത്തുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, സ്തന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ടിനി ടോം, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.