തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ നെയ്യാറ്റിന്‍കര ഗോപന്‍ എത്തുന്നു; 'ആറാട്ട്' റിലീസ് പ്രഖ്യാപിച്ചു

ബി ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ‘ആറാട്ട്’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 10ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് അറിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ആറാട്ടിനായി ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ആറാട്ടില്‍ മോഹന്‍ലാലിന് എതിരാളി ആയി എത്തുന്നത്.

2255 നമ്പരുള്ള കറുത്ത ബെന്‍സ് കാറില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന സ്‌നീക്ക് പീക്കും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘വില്ലന്‍’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. പുലിമുരുകന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലിനു വേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

Read more

ശ്രദ്ധ ശ്രീനാഥ് ആണ് ആറാട്ടില്‍ നായിക. നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.