ആഷിഖ് അബു- മോഹന്‍ലാല്‍ ചിത്രം വരുന്നു; ആകാംക്ഷാഭരിതരായി ആരാധകര്‍

 

മലയാള സിനിമയുടെ പുതിയ തലമുറയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ആഷിഖ് അബു. സംവിധായകന്‍ ഇപ്പോള്‍ ഒന്നിലധികം പുതിയ ചിത്രങ്ങളുടെ പണിപ്പുരയില്‍ ആണ്. ടോവിനോ തോമസ് നായകനായ നാരദന്‍, പൃഥ്വിരാജ്- കുഞ്ചാക്കോ ബോബന്‍ ടീം ഒന്നിക്കുന്ന നീല വെളിച്ചം എന്നിവയാണ് ഇനി വരുന്ന ആഷിഖ് അബു ചിത്രങ്ങള്‍.

ഇത് കൂടാതെ നിര്‍മ്മാതാവ് എന്ന നിലയിലും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ആഷിഖ് അബു നിര്‍മ്മിക്കുന്ന പുതിയ ചിത്രങ്ങളാണ് ഹര്‍ഷദ് ഒരുക്കാന്‍ പോകുന്ന ഹാഗറും വിനായകന്‍ ഒരുക്കാന്‍ പോകുന്ന പാര്‍ട്ടിയും. എന്നാല്‍ ഇപ്പോഴിതാ, ഒരു വലിയ വാര്‍ത്തയാണ് വരുന്നത്. തന്റെ കരിയറില്‍ ആദ്യമായി മലയാളത്തിന്റെ മഹാനടന്‍ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു ഒരു ചിത്രമൊരുക്കാന്‍ പോവുകയാണ് എന്നാണ് സൂചന.

പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള ആണ് അങ്ങനെ ഒരു സൂചന ഇന്ന് പ്രേക്ഷകര്‍ക്ക് നല്‍കിയത്. ആ ചിത്രത്തില്‍ ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ഉണ്ടാകും എന്നും അതുപോലെ ആശീര്‍വാദ് സിനിമാസ് അതില്‍ ഒരു നിര്‍മ്മാണ പങ്കാളി ആയിരിക്കുമെന്നുമുള്ള സൂചനയും അദ്ദേഹം തരുന്നു. മോഹന്‍ലാല്‍, ആഷിഖ് അബു, ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കു വെച്ച് കൊണ്ടാണ് അദ്ദേഹം ഈ സൂചന നല്‍കിയത്.

ഇതെല്ലാം ഒരിക്കല്‍ കൂടി സംഭവിക്കുമ്പോള്‍. ഉടനെ പ്രതീക്ഷിക്കുന്നു. എന്ന കുറിപ്പോടെയാണ് മേല്‍പ്പറഞ്ഞ ചിത്രം അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. ഏതായാലും ആ വാര്‍ത്ത ഒഫീഷ്യല്‍ ആയി പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.