കോവിഡ് 19: 'തൊഴിലാളികള്‍ക്കായി വലിയ തുക ആദ്യം വാഗ്ദാനം ചെയ്തത് മോഹന്‍ലാല്‍, മലയാള സിനിമ കുടുംബമെന്ന് അല്ലു അര്‍ജുന്‍'

കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ പ്രതിസന്ധിയിലായ ദിവസവേതനക്കാരെ സഹായിക്കാന്‍ ആദ്യം എത്തിയത് മോഹന്‍ലാല്‍ ആണെന്ന് ചലച്ചിത്ര സംഘടന ഫെഫ്ക. സിനിമയിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാനായി വലിയ തുക മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തതായി ഫെഫ്ക വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

“കോവിഡ് ഭീതി ഉയര്‍ന്ന സാഹചര്യത്തില്‍ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു. ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാല്‍ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചര്‍ച്ച ചെയ്യുകയുണ്ടായി. ഫെഫ്കയുടെ നേതൃത്വത്തില്‍ ഇതിനായി വാട്‌സാപ് ഗ്രൂപ്പും തുടങ്ങി. എന്നാല്‍ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാന്‍ എന്തുചെയ്യാനാകുമെന്നു നടന്‍ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തു.””

“”തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഇതു സംബന്ധിച്ച് വിളിച്ചു ചോദിച്ചിരുന്നു. മലയാള സിനിമ ഒരു വലിയ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതല്‍ പേര്‍ തൊഴിലാളികളെ സഹായിക്കാന്‍ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ”” എന്ന് ഫെഫ്ക വൃത്തങ്ങള്‍ പറഞ്ഞു.