'അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെയായിരുന്നു'; ശിവാജി ഗണേശന്റെ ഓര്‍മകളില്‍ മോഹന്‍ലാല്‍

തമിഴകം കണ്ട മഹാ നടനായിരുന്നു വില്ലുപുരം ചിന്നയ്യപ്പിള്ളൈ ഗണേശന്‍ എന്ന ശിവാജി ഗണേശന്‍. തെന്നിന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രധാന നടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 2001 ജൂലൈ 21 നാണ് അദ്ദേഹം ഓര്‍മയായത്. ശിവാജി ഗണേശന്‍ എന്ന പ്രതിഭ വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ സ്മരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. അദ്ദേഹം തനിക്കൊരു കുടുംബാംഗത്തെ പോലെയായിരുന്നെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“ശിവാജി ഗണേശനൊപ്പം സ്‌ക്രീന്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളും അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെ ആയിരുന്നു. 18 വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ആ ഓര്‍മ്മകള്‍ ഇപ്പോഴും ഹൃദയത്തില്‍ നിലനില്‍ക്കുന്നു. പ്രാര്‍ത്ഥനകള്‍.” മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലും ശിവാജി ഗണേശനും മത്സരിച്ച് അഭിനയിച്ച “ഒരു യാത്രാമൊഴി” മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.
പ്രിയദര്‍ശന്റെ കഥയ്ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തനായിരുന്നു. 1997 ലാണ് ചിത്രം റിലീസിനെത്തിയത്.