രണ്ടാമൂഴത്തിലെ ഭീമനാകുമെന്ന് പറഞ്ഞിട്ടില്ല, ആ ചിത്രം നടക്കുമോ എന്ന് ആശങ്കയുണ്ട്: മോഹന്‍ലാല്‍

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ രചിച്ച രണ്ടാമൂഴത്തില്‍ ഭീമന്റെ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമോ എന്നറിയാന്‍ പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുകയാണെന്ന് ലൂസിഫറിന്റെ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

അതേ സമയം രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി നേരിട്ടിരുന്നു. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തളളി. ഇതോടെ എം.ടി വാസുദേവന്‍ നായരുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാവില്ല. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനമെന്നാണ് വിവരം. കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കും. കരാര്‍ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് സംവിധായകനെ എതിര്‍കക്ഷിയാക്കി എം.ടി കോടതിയെ സമീപിച്ചത്.